തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ശക്തിയായി പന്ത് അടിച്ചു. ഗോള്‍! കണ്ടു നിന്നവര്‍ ഹര്‍ഷാരവത്തോടെയും കൈയടിയോടെയും മുഖ്യമന്ത്രിയുടെ ഗോളിനെ സ്വീകരിച്ചു.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി കായിക വകുപ്പും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഫുട്ബാള്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി ഗോള്‍ അടിച്ചതോടെ സംസ്ഥാനത്തെല്ലായിടത്തും വണ്‍ മില്യണ്‍ ഗോള്‍ പരിപാടിക്ക് തുടക്കമായി.
മുഖ്യമന്ത്രി ഗോളടിച്ച ശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ എ. സി. മൊയ്തീന്, കടന്നപ്പള്ളി രാമചന്ദ്രന്, പ്രഫ. സി. രവീന്ദ്രനാഥ്, പി. തിലോത്തമന്, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഗോളുകളടിച്ചു. മന്ത്രി എം. എം. മണി സന്നിഹിതനായിരുന്നു. തുടര്‍ന്ന് എംഎല്‍എമാരുടെ ഊഴമായിരുന്നു. വണ്‍ മില്യണ്‍ ഗോള്‍ പരിപാടി ചരിത്രമായി മാറുമെന്ന് കായിക മന്ത്രി എ. സി മൊയ്തീന് പറഞ്ഞു.
വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിൽ 340 സെന്ററുകളിൽ 1.17 ലക്ഷം ഗോളുകളാണ് ഇന്നലെ അടിച്ചു കൂട്ടിയത്.