കോല്‍ക്കത്ത: ലോക ഫുട്ബോളിലെ പവർഹൗസായ ബ്രസീലിയൻ ടീം ഇന്ത്യയെ പുൽകി. കഴിഞ്ഞ ദിവസം മുംബൈയിലാണ് 21 അംഗ മഞ്ഞപ്പട ലോകകപ്പിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പ്രത്യേകിച്ച് കൊച്ചിയിലെ സാഹചര്യവുമായി ഇണങ്ങിച്ചേരുന്നതിനാണ് ബ്രസീൽ വളരെ നേരത്തെതന്നെ ഇന്ത്യയിലെത്തിയിരിക്കുന്നത്. മുംബൈയിൽ ബ്രസീലിയൻ പരിശീലകൻ വാചാലനായി.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 28ന് കപ്പുയര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് ബ്രസീല്‍ അണ്ടര്‍ 17 ടീം പരിശീലകന് കാര്‍ലോസ് അമാഡിയു പറഞ്ഞു. 14 വര്‍ഷം മുമ്പാണ് ബ്രസീല്‍ കപ്പ് നേടിയത്. കോല്‍ക്കത്തയുടെ ഫുട്ബോള്‍ ഭ്രാന്തിനെക്കുറിച്ച് കേട്ടിരുന്നു. ഒപ്പം സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ മനോഹര ചരിത്രവും. അന്നു മുതല്‍ ഇവിടെ നടക്കുന്ന ഫൈനലിനെക്കുറിച്ചും തന്റെ ടീം വെള്ളിക്കപ്പില്‍ മുത്തമിടുന്നതിനെക്കുറിച്ചും മാത്രമാണ് താന്‍ സ്വപ്നം കാണുന്നത്. അമാഡിയു പറഞ്ഞു.
2003 മുതല്‍ ഇതുവരെ കപ്പ് സ്വന്തമാക്കാന്‍ ബ്രസീലിനു കഴിഞ്ഞിട്ടില്ല. മൂന്നു തവണ അണ്ടര്‍ 17 ലോകകപ്പ് നേടിയ ബ്രസീല്‍ നിലവില്‍ രണ്ടാംസ്ഥാനത്താണ്. കഴിഞ്ഞ തവണ കപ്പ് നേടിയ നൈജീരിയ ഇത്തവണ യോഗ്യതാറൗണ്ട് പിന്നിട്ടതു പോലുമില്ല.
2015ല്‍ ചിലിയില്‍ നടന്ന ലോകകപ്പിലാണ് രണ്ടാം സ്ഥാനം കൊണ്ട് ബ്രസീലിന് തൃപ്തിപ്പേടേണ്ടി വന്നത്. ഈ ലോകകപ്പ് കൂടുതല്‍ കഠിനമായിരിക്കുമെന്നാണ് അമാഡിയുവിന്റെ വിലയിരുത്തല്‍. തെക്കേ അമേരിക്കന്‍,യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം തന്നെ ആഫ്രിക്കയും കിടമത്സരത്തില്‍ ഉണ്ടാകുമെന്നാണ് അമാഡിയുവിന്റെ പ്രതീക്ഷ. എല്ലായ്പ്പോഴും ഏതെങ്കിലും ഒരു ആഫ്രിക്കന്‍ രാജ്യം സെമിഫൈനലില്‍ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനേകം ടീമുകള്‍ കപ്പ് ലക്ഷ്യമിട്ടാണ് എത്തുന്നത്. യൂറോപ്യന്‍,അമേരിക്കന്‍,മെക്സിക്കന്‍ ടീമുകള്‍ മുമ്പത്തേക്കാള്‍ ശക്തമാണ്.
ഇന്ത്യന്ഫുട്ബോളിനെക്കുറിച്ചും ബ്രസീല്‍ കോച്ചിന് മതിപ്പാണ്. ഇന്ത്യ ഊര്‍ജമുള്ള ഒരു ടീമാണ്. മികച്ച വേഗവും തന്ത്രങ്ങളും സ്വന്തമായ ഇന്ത്യന്‍ ടീമിന് ഭാവിയില്‍ ചരിത്രം കുറിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് അമാഡിയു പറഞ്ഞു. ഇന്ത്യ ഇനി ചെയ്യേണ്ടത് ബ്രസീല്‍ പോലുള്ള ടീമുകളുടെ കളികണ്ട് പ്രഫണലിസം എന്തെന്ന് മനസിലാക്കുകയാണ് എന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രഫഷണലുകള്‍ ലോകപര്യടനം നടത്തേണ്ടതും അനിവാര്യമാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി അമാഡിയുവും ശിഷ്യന്മാരും കഠിന പരിശീലനത്തിലായിരുന്നു. ഇതിന്റെ ഫലമെന്നവണ്ണം മാര്‍ച്ചില്‍ നടന്ന സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ വിജയിച്ചു. ഏറ്റവും പുതിയ ടീനേജ് ഫുട്ബോള്‍ സെന്സേഷന് വിനിഷ്യസ് ജൂനിയറായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ താരം. ഏഴ് ഗോളാണ് താരം ചാമ്പ്യന്‍ഷിപ്പില്‍ നേടിയത്. കഠിന പരിശീലനങ്ങളുടെ പ്രതിഫലനം ഈ ലോകകപ്പിലും ഉണര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോച്ചും ടീമംഗങ്ങളും.