സൂറിച്ച്: ഇന്ത്യന്‍ ഫുട്ബോള്‍ ഉറങ്ങുന്ന സിംഹമാണെന്ന മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ പ്രസ്താവനയ്ക്കു പിന്നാലെ പിന്‍ഗാമിയായ ഇന്‍ഫാന്റിനോയും സമാനമായ പ്രസ്താവനയുമായി രംഗത്ത്. ഇന്ത്യന്‍ ഫുട്ബോള്‍ ഉദിയിച്ചുയരാന് കാത്തിരിക്കുകയാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് ഇന്‍ഫാന്റിനോയുടെ പ്രതികരണം.
ഫിഫ പ്രസിദ്ധീകരിക്കുന്ന മാഗസിനിലാണ് ഇന്‍ഫാന്റിനോ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഫുട്ബോള്‍ വികസനം ഫലപ്രദമായി നടന്നാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഫുട്ബോള്‍ പ്രചരിപ്പിക്കുന്നതിനുള്ള വ്യക്തമായ പദ്ധതി ഫിഫയ്ക്കുണ്ട്. ഇന്ത്യയിലെ യുവാക്കളില്‍ ഫുട്ബോള്‍ ബോധം ഉണ്ടാകുക എന്നത് അണ്ടര്‍ 17 ലോകകപ്പിന്റെ നടത്തിപ്പിലൂടെ സംജാതമാകും.