കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനുള്ള വേദിയായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മാർച്ച് 24നു ഫിഫ സംഘം അന്തിമ പരിശോധന നടത്തുമെന്നു ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി. സ്റ്റേഡിയത്തിന്റെ ഇതുവരെയുള്ള ഒരുക്കങ്ങളിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന എട്ടാമത്തെ ടാസ്ക് ഫോഴ്സ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘
ഫിഫ ഹെഡ് ഓഫ് ഇവന്റ്സ് ഹൈമി എർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഡിയത്തിലെ അവസാനവട്ട ഒരുക്കങ്ങളുടെ പരിശോധനയ്ക്കായി അടുത്തമാസം എത്തുക. മത്സരം നടക്കുന്ന പ്രധാന വേദിപോലെതന്നെ പ്രാധാന്യമുള്ളതാണ് പരിശീലന മൈതാനങ്ങൾ. താരങ്ങൾ കൂടുതലും ചെലവഴിക്കുന്നത് ഇവിടെയായിരിക്കും. മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ടീം കുറച്ചു സമയമേ ചെലവിടുന്നുള്ളൂ. പരിക്ക് ഒഴിവാക്കാനായി പരിശീലന മൈതാനങ്ങളുടെ നിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റേഡിയത്തിൽ കാണികൾക്കുള്ള ഇരിപ്പിടം, റഫറി സ്റ്റേഷൻ റൂം, മികച്ച നിലവാരത്തിലുള്ള ടോയ് ലറ്റ്, വിഐപി ബോക്സ്, മീഡിയ ബോക്സ് തുടങ്ങിയവയുടെ നിർമാണം ഇനിയും പൂർത്തീകരിക്കാനുണ്ട്. ലോകകപ്പ് നടത്തിപ്പിനു വേണ്ടി മികച്ച സുരക്ഷാ സംവിധാനവും ഒരുക്കണം. ഇക്കാര്യങ്ങൾ വിലയിരുത്തുന്നതിനായി ഫിഫയുടെ മൂന്നംഗസംഘവും കൊച്ചിയിലെത്തും.
സാങ്കേതിക പ്രവർത്തനങ്ങളുടെ ചുമതലയും ഫിഫയുടെ മേൽനോട്ടത്തിൽതന്നെ നടക്കും. അഗ്നിശമനത്തിനു വേണ്ട പ്രവർത്തനങ്ങളാണ് ഇനി അത്യാവശ്യമായി വേണ്ടതെന്നും ഇതിന്റെ ജോലികൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നതിനാൽ ഇത് എത്രയും വേഗം ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 24നു മുന്പായി മുഴുവൻ ജോലികളും പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടൂർണമെന്റ് നോഡൽ ഓഫീസർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ഡ്രെയ്നേജ് സംവിധാനം മാത്രമാണ് നിലവിൽ സ്റ്റേഡിയത്തിൽ പൂർത്തിയായിട്ടുള്ളത്. വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കലൂർ സ്റ്റേഡിയത്തിലെയും പരിശീലന വേദികളിലെയും നിർമാണ പ്രവർത്തനങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സാന്പത്തിക സഹായവും യോഗം വിലയിരുത്തി.
കലൂർ സ്റ്റേഡിയത്തിനു പുറമേ ടീമുകൾക്ക് പരിശീലനത്തിനായി നാലു സ്റ്റേഡിയങ്ങളാണ് തയാറാകേണ്ടത്. മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ഹാവിയർ സെപ്പി നിർമാണപ്രവർത്തനങ്ങളിൽ തൃപ്തനാണെന്ന് അറിയിച്ചു. ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലും നവീകരണം നടക്കുന്നുണ്ട്. എന്നാൽ പരേഡ് ഗ്രൗണ്ടിൽ ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. രണ്ടു ഗ്രൗണ്ടുകളുടെ നവീകരണത്തിനും എംഎൽഎ ഫണ്ടിൽനിന്നാണ് പണം മുടക്കുന്നത്.
മഹാരാജാസ് കോളജ് ഗ്രൗണ്ട് നവീകരണത്തിന് സർക്കാർ നേരിട്ടു ഫണ്ട് അനുവദിക്കുന്നുണ്ട്. 2.50 കോടി രൂപയും ഇതിനോടകം കൈമാറി. സ്പോർട്സ് കൗണ്സിലിന്റെ മേൽനോട്ടത്തിലാണ് പനന്പിള്ളിനഗർ സ്കൂൾ ഗ്രൗണ്ടിലെ നവീകരണ പ്രവർത്തനങ്ങൾ . കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 24.88 കോടി രൂപയാണ് കലൂർ സ്റ്റേഡിയം നവീകരണത്തിന് അനുവദിച്ചിരിക്കുന്നത്. ഈ തുക ഈ മാസംതന്നെ ജിസിഡിഎക്ക് ലഭിക്കും.
നിർമാണ പ്രവർത്തനങ്ങളുടെ പ്രധാന ടെൻഡറുകളെല്ലാം പൂർത്തിയായിട്ടുണ്ട്. ഫയർ സേഫ്റ്റിക്കുള്ള ടെണ്ടർ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ടെണ്ടർ വിളിച്ചെടുത്ത കന്പനിക്ക് പൊതുമരാമത്ത് ലൈസൻസ് ഇല്ലെന്ന കാരണത്താലാണ് ഇവരെ ഒഴിവാക്കിയതെന്നും ഉടൻതന്നെ റീടെണ്ടർ വിളിക്കുമെന്നും ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ പറഞ്ഞു.
ഫിഫയുടെ പ്രവർത്തനങ്ങൾക്ക് പുറമേ പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ ജിസിഡിഎ സ്വന്തമായി നടത്തും. കേരളാ ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽകുമാറും യോഗത്തിൽ പങ്കെടുത്തു.