കൊച്ചി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 ലോക കപ്പ് ഫുട്ബോളിന്റെ വേദികളിലൊന്നായ കൊച്ചിയുടെ പ്രത്യേക ലോഗോ തയാറായി. ലോഗോയുടെ ഔദ്യോഗിക പ്രകാശനം നാളെ രാവിലെ 12ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ലോക കപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെയും കായിക മന്ത്രി എ.സി. മൊയ്തീന്റെയും സാന്നിധ്യത്തിൽ മുൻ ഫുട്ബോൾ താരങ്ങളും സന്നിഹിതരായിരിക്കും. നൂറിലേറെ എൻട്രികളിൽ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. മറ്റു ലോക കപ്പ് വേദികളായ കോൽക്കത്ത, ഗോഹട്ടി തുടങ്ങിയവയും സ്വന്തമായി ലോഗോ പുറത്തിറക്കിയിട്ടുണ്ട്.
കൊച്ചി നഗരത്തിന്റെ ഭാഗ്യമുദ്ര എന്ന നിലയിൽ പ്രത്യേകം രൂപകല്പന ചെയ്തതാണ് ലോഗോ. പ്രകാശന ചടങ്ങിനു ശേഷം പ്രാദേശിക സംഘാടക സമിതിയുടെ ചെയർമാനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ലോക കപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തും.
ലോക കപ്പിന് ഇനി 40 ദിവസങ്ങൾ മാത്രം ശേഷിക്കെ കൊച്ചിയിലെ ഒരുക്കങ്ങൾ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. സ്റ്റേഡിയത്തിന്റെ പണികൾ 80 ശതമാനത്തിലധികം പൂർത്തിയായെങ്കിലും നഗരത്തിലെ മറ്റു ഒരുക്കങ്ങൾക്ക് വേഗത കുറവാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചാ വിഷയമാകും. ലോക കപ്പിനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടികൾ തുടങ്ങുന്ന കാര്യത്തിൽ ധാരണയായില്ല.
ഒക്ടോബർ ആറു മുതൽ 28 വരെ രാജ്യത്തെ ആറു വേദികളിലായാണ് അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ചാന്പ്യൻഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങളാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറുക. കരുത്തരായ ബ്രസീൽ, സ്പെയിൻ, കൊറിയ, നൈജർ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾക്കും കൊച്ചി വേദിയാകും.