കൊച്ചി: അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് വേദിയായ ജവഹർലാൽ അന്താരാഷ് ട്ര സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ജില്ല കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ഫിഫ പ്രാദേശിക സംഘാടക സമിതി അംഗങ്ങൾ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കാണികൾക്കും വിഐപികൾക്കും മാധ്യമങ്ങൾക്കുമുള്ള വാഹനപാർക്കിംഗും പ്രവേശനവും സംബന്ധിച്ച കാര്യങ്ങളാണ് ഉന്നതതല യോഗത്തിൽ വിലയിരുത്തിയത്.
അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കു മാത്രമായിരിക്കും സ്റ്റേഡിയത്തിൽ പ്രവേശനം. മത്സരം കാണാനുള്ള പ്രവേശനത്തിന് ആകെ 27,145 ടിക്കറ്റുകളാണുള്ളത്. ഇതു മുൻകൂറായി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുന്നതല്ല. ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ വിറ്റുതീർന്നിരിക്കുകയാണ്. വിവിധ വിഭാഗങ്ങളായി തിരിച്ചാണു ടിക്കറ്റുകളുടെ വിതരണം.
ഓരോ വിഭാഗത്തിലുമുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനു ഫിഫയുടെ ഐഡി കാർഡ് നൽകും. ഇവ ഉപയോഗിച്ച് അതതു പ്രവേശന കൗണ്ടറിലൂടെ മാത്രമേ അകത്തു കയറാനാകൂ. കർശന പരിശോധനയ്ക്കു വിധേയമായിട്ടാകും പ്രവേശനം. വാഹനങ്ങളുടെ പാർക്കിംഗ് ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും.
മത്സരം നടക്കുന്ന സ്റ്റേഡിയം ഏഴ് സോണുകളായി തിരിച്ചിട്ടുണ്ട്. സോണ്‍ ഒന്ന് ഫീൽഡ് ഓഫ് പ്ലേ ആണ്. സോണ്‍ രണ്ട് കോംപറ്റീഷൻ ഏരിയയാണ്. ഇവിടെ കളിക്കാർക്കും ടീം ഒഫീഷ്യലുകൾക്കും മാത്രമാണു പ്രവേശനം. സോണ്‍ മൂന്നു കാണികൾക്കുള്ളതാണ്. സോണ്‍ നാല് സംഘാടക സമിതിക്കും ഫിഫ ഒഫീഷ്യൽസിനുമുള്ളതാണ്. സോണ്‍ അഞ്ചിലാണു വിഐപികളുടെ പ്രവേശനം.
സോണ്‍ ആറും ഏഴും മാധ്യമങ്ങൾക്കുള്ളതായിരിക്കും. മിക്സഡ് സോണിൽ മാധ്യമങ്ങൾക്കു കളിക്കാരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. സോണ്‍ എട്ടിൽ സ്റ്റേറ്റ് മീഡിയ സെന്റർ പ്രവർത്തിക്കും. സോണ്‍ ഒൻപത് ജിസിഡിഎ, കെഎഫ്എ തുടങ്ങിയവർക്കുള്ള റസിഡൻഷ്യൽ ഏരിയയാണ്. 16 റാന്പുകളാണ് സ്റ്റേഡിയത്തിൽ ക്രമീകരിക്കുക. ഇതിൽ നാലെണ്ണം അടിയന്തിരഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ലിഫ്റ്റ് തയാറാക്കും. 35ഓളം എൻട്രി പോയിന്റുകളാണു വിവിധ വിഭാഗങ്ങൾക്കായി ക്രമീകരിക്കുക.
അടിയന്തര സാഹചര്യങ്ങളുണ്ടായാൽ കാണികളെയും കളിക്കാരെയും ഒഴിപ്പിക്കുന്നതിനുള്ള മാർഗനിർദേശം ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. 150 സേഫ്റ്റി സ്റ്റുവാർഡ്സുകളെ വേദിയിലും പരിസരത്തുമായി വിന്യസിക്കും. അഗ്നിശമന സേന, ഫയർ റെസ്പോണ്‍സ് സംവിധാനം, മെഡിക്കൽ കിയോസ്കുകൾ, വൈദ്യസഹായം, ആംബുലൻസ് തുടങ്ങിയവയും ക്രമീകരിക്കും.
വെന്യൂ കമാൻഡറുടെ നിർദേശമനുസരിച്ചായിരിക്കും സേഫ്റ്റി സ്റ്റുവാർഡ്സുകളുടെ പ്രവർത്തനം. പബ്ലിക് അലർട്ട് സംവിധാനം, വലിയ സ്ക്രീൻ ഡിസ്പ്ലേ, അപായ സൂചന നൽകുന്നതിനുള്ള സംവിധാനം എന്നിവയും സജ്ജമാക്കും. ഈ മാസം ഇരുപത്തിയെട്ടിനകം സ്റ്റേഡിയത്തിലെ ക്രമീകരണങ്ങൾ പൂർത്തിയാകുമെന്നു ഫിഫ പ്രതിനിധികൾ അറിയിച്ചു. താമസ സൗകര്യമൊരുക്കുന്ന ക്രൗണ്‍ പ്ലാസയിൽ 25ന് രാവിലെ 11 നും പരിശീലന ഗ്രൗണ്ടുകളായ പനന്പിള്ളി നഗർ ഗ്രൗണ്ട്, മഹാരാജാസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞു മൂന്നിനും സുരക്ഷാ പരിശോധന നടത്തും.
28 ന് രാവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞു ഫോർട്ട്കൊച്ചിയിലെ പരിശീലന ഗ്രൗണ്ടുകളും പരിശോധന നടത്തും. 26ന് സുരക്ഷയുടെ ഭാഗമായുള്ള റിഹേഴ്സലും ഉച്ചകഴിഞ്ഞ് മൂന്നിനു മോക്ക് ഡ്രില്ലും നടത്തുമെന്നു സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് പറഞ്ഞു. അസിസ്റ്റന്റ് കളക്ടർ ഈശ പ്രിയ, കെഎസ്ഇബി, പൊതുമരാമത്ത്, കൊച്ചി മെട്രോ തുടങ്ങിയ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.