പനാജി: ഇംഗ്ലണ്ടും മാലിയും അണ്ടർ 17 ലോകകപ്പ് അവസാന എട്ടിൽ ഇടംപിടിച്ചു. മാലി ഇറാക്കിനെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കു തകർത്തപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ജപ്പാനെതിരേ ഇംഗ്ലണ്ടിന്റെ വിജയം(5-3).
ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാസന എൻഡിയേയുടെ ഇരട്ടഗോളുകളാണ് മാലിക്കു ശക്തി പകർന്നത്. മത്സരത്തിന്റെ 25-ാം മിനിറ്റിൽ ഹഡ്ജി ഡ്രാമിയിലൂടെ മാലി മുന്നിലെത്തി. എട്ടു മിനിറ്റിനുശേഷം എൻഡിയേ ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ മാലി രണ്ടു ഗോളിനു മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ, 73-ാം മിനിറ്റിൽ ഫോദെ കൊനാട്ടെയിലൂടെ മാലി ലീഡ് ഉയർത്തിയെങ്കിലും 85-ാം മിനിറ്റിൽ അലി കരീമിലൂടെ ഇറാക്ക് ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ തിരമാല പോലെ അടിച്ചു കയറിയ മാലി 87, 84 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ ആകെ ഗോൾനേട്ടം അഞ്ചാക്കി ഉയർത്തി. 87-ാം മിനിറ്റിൽ കമാര ഗോൾ നേടിയപ്പോൾ അധികസമയത്തിന്റെ നാലാം മിനിറ്റിൽ എൻഡിയേ ഗോൾവേട്ട പൂർത്തിയാക്കുകയായിരുന്നു.
കോൽക്കത്തയിലെ വിവേകാനന്ദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്നാണു ഇംഗ്ലണ്ട്-ജപ്പാൻ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ അഞ്ചു ഷോട്ടുകളും ലക്ഷ്യം കണ്ടപ്പോൾ ജപ്പാന്റെ രണ്ടു ഷോട്ടുകൾ പുറത്തേക്കു പോയി.
ചൊവ്വാഴ്ച നടന്ന ആദ്യ മത്സരങ്ങളിൽ ചാന്പ്യൻഷിപ്പിലെ തന്നെ ഏറ്റവും മികച്ച പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസിനെ സ്പെയിൻ തകർത്തിരുന്നു. മെക്സിക്കോയെ പരാജപ്പെടുത്തിയ ഇറാനും ക്വാർട്ടറിലെത്തി. ഇറാനും സ്പെയിനും തമ്മിലുള്ള പോരാട്ടത്തിന് 22ന് കൊച്ചിയാണ് വേദിയാവുക.