മൊണ്ടേവീഡിയോ (ഉറുഗ്വെ): ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഉറുഗ്വെയെ അവരുടെ തട്ടകത്തിൽ അർജന്റീന നേരിടാനൊരുങ്ങുന്പോൾ സുപ്രധാന ചോദ്യം സൂപ്പർ താരം ലയണൽ മെസി കളിക്കുമോ എന്നതുതന്നെ.
ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയിന്റെ താരമാണു മെസി. പരിക്കിനെത്തുടർന്ന് പിഎസ്ജിക്കായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മെസി ഇറങ്ങിയിരുന്നില്ല. അതിനിടെ ഉറുഗ്വെയ്ക്കെതിരായ മത്സരത്തിനുള്ള അർജന്റൈൻ ക്യാന്പിൽ മെസി ചേർന്നതിൽ പിഎസ്ജി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അർജന്റൈൻ ടീമിന്റെ പരിശീലനത്തിലും മെസി പങ്കെടുത്തു.
പിഎസ്ജിയെ തള്ളി മെസി അർജന്റൈൻ ജഴ്സിയിൽ ഇറങ്ങുമോ എന്നതാണു ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30നാണ് ഉറുഗ്വെ x അർജന്റീന പോരാട്ടം.
18 വയസ് പ്രായമുള്ള മത്യാസ് സോൾ മത്സരത്തിൽ അർജന്റീനയ്ക്കായി അരങ്ങേറ്റം നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇറ്റാലിയൻ പാസ്പോർട്ടുള്ള യുവന്റസ് യൂത്ത് ടീം അംഗമായ മത്യാസ്, ഇറ്റലിയുടെ അണ്ടർ 19 ടീമിലേക്കുള്ള ക്ഷണം നിരസിച്ചാണ് അർജന്റൈൻ ടീമിനൊപ്പം ചേർന്നത്.
11 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി തോൽവി അറിയാതെ മുന്നേറുന്ന അർജന്റീന യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ്. 10 ടീമുകളുള്ള യോഗ്യതാ റൗണ്ടിൽ ആദ്യ നാലു സ്ഥാനത്തെത്തുന്ന ടീമുകൾ നേരിട്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കും. അഞ്ചാം സ്ഥാനക്കാർക്കു പ്ലേ ഓഫിലൂടെ യോഗ്യത നേടാനുള്ള അവസരമുണ്ട്.