സൂറിച്ച്: ലോകകപ്പ് ക്വാർട്ടറിൽ പുറത്തായെങ്കിലും ഫിഫ ഫുട്ബോൾ റാങ്കിംഗിൽ ബ്രസീൽതന്നെ ഒന്നാം സ്ഥാനത്ത്. ലോക കിരീടം സ്വന്തമാക്കിയെങ്കിലും അർജന്റീന ബ്രസീലിനു പിന്നിൽ രണ്ടാമതാണ്.
റണ്ണറപ്പായ ഫ്രാൻസ് മൂന്നാമതാണ്. ആദ്യ റൗണ്ടിൽ പുറത്തായ ബെൽജിയം രണ്ടാം സ്ഥാനത്തുനിന്നു നാലിലേക്കു പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടാണ് അഞ്ചാമതെന്നും ഇഎസ്പിഎൻ റാങ്കിംഗ് ട്രാക്കിംഗ് പറയുന്നു.
നെതർലൻഡ്സ് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തുമാണ്. സ്പെയിൻ മൂന്നുസ്ഥാനം താഴേക്കിറങ്ങി പത്താമതായി. ലോകകപ്പിൽ അവിശ്വസനീയ കുതിപ്പുമായി നാലാമതെത്തിയ മൊറോക്കൊ പതിനൊന്നിലെത്തി.
ഏറ്റവും ഉയർന്ന റാങ്കുള്ള ആഫ്രിക്കൻ ടീമും മൊറോക്കോയാണ്. നാളെയാണു പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നത്.
ലോകകപ്പ് ഫൈനൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടതാണ് അർജന്റീനയുടെ ഒന്നാംസ്ഥാനനേട്ടത്തിനു തിരിച്ചടിയായത്.
നിശ്ചിതസമയത്തു കളി ജയിച്ചാൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന തരത്തിലാണു ചട്ടം. ഷൂട്ടൗട്ടിലെ വിജയത്തിനു റാങ്കിംഗിൽ പോയിന്റ് കുറവാണ്.
ഈ മാനദണ്ഡമാണു ക്വാർട്ടറിൽ പുറത്തായിട്ടും ഒന്നാം റാങ്ക് നിലനിർത്താൻ ബ്രസീലിനെ സഹായിച്ചത്.ഈ വർഷം ഫെബ്രുവരിയിലാണു ബെൽജിയത്തെ പിന്തള്ളി ബ്രസീൽ ഒന്നാം റാങ്കിലെത്തിയത്.
എന്നാൽ, ക്വാർട്ടറിൽ ക്രൊയേഷ്യയോടു ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു ബ്രസീൽ പുറത്തായി. ലോകകപ്പ് ഫൈനലിൽ ഫ്രാൻസോ അർജന്റീനയോ 120 മിനിറ്റിനുള്ളിൽ ജയിച്ചിരുന്നെങ്കിൽ ബ്രസീലിന് ഒന്നാം സ്ഥാനം നഷ്ടമാകുമായിരുന്നു.