ന്യൂഡല്‍ഹി: ഫിഫയുടെ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ഇന്ത്യയിലെത്തിയപ്പോള്‍ പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു. ലോക ഫുട്ബോളില്‍ ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്ന്. കൂര്‍ക്കം വലിച്ച് ഉറങ്ങിയ ആ സിംഹം ഇതാ ഉണരുകയാണ്. അതിനുള്ള തെളിവായി ഏറ്റവും പുതിയ ഫിഫ റാങ്കിംഗില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്. മുപ്പത്തൊന്ന് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 132ല്‍ നിന്നും 101ലേക്കാണ് ഇന്ത്യ കുതിച്ചത്.
331 പോയന്റാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏഷ്യയിലെ ഫുട്ബോള്‍ ശക്തികളെന്നു പരക്കെ പറയാറുള്ള ഇറാക്കും ഉത്തര കൊറിയയുമടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കു പിന്നിലാണ് ഇപ്പോള്‍. സമീപകാലത്തു നടന്ന മത്സരങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനമാണ് റാങ്കിംഗില്‍ അദ്ഭുതാവഹമായ മുന്നേറ്റത്തിനു കാരണം.
ഇന്നലെ പ്രസിദ്ധീകരിച്ച റാങ്കിംഗ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം മുന്നേറിയ രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ. മാസിഡോണിയ 33 സ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ ഇന്ത്യ 31 റാങ്ക് മുന്നേറി. 1996ന് ശേഷമുളള ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണ് ഇത്. അന്ന് 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതിനുശേഷം ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ച കീഴോട്ടായിരുന്നു. 2015ല്‍ 17-ാം സ്ഥാനത്തുവരെ ഇന്ത്യ എത്തി. 1993ല്‍ ഇന്ത്യ 99,100 എന്നീ റാങ്കുകളിലെത്തിയിരുന്നു.
മാര്‍ച്ചില്‍ ഇന്ത്യ വിദേശത്ത് രണ്ടു വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇതാണ് ഇന്ത്യയുടെ ഈ കുതിപ്പിന് പ്രധാന കാരണമായത്. കംബോഡിയയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 3-2നും ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്മറിനെ 1-0നും ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യയേക്കാള്‍ റാങ്കിംഗില്‍ മുന്നിലുണ്ടായിരുന്ന പ്യൂട്ടോ റിക്കോയെ 4-1നു പരാജയപ്പെടുത്തിയത് അവിസ്മരണീയ നേട്ടമായി.
ഇന്ത്യയുടെ വിജയങ്ങളില്‍ മലയാളി താരങ്ങളും നിര്‍ണായകസ്വാധീനം ചെലുത്തി എന്നത് കേരളീയര്‍ക്കും അഭിമാനദായകമാണ്. സി.കെ. വിനീത്, അസ് എടത്തൊടിക എന്നിവരാണ് ടീമിലുള്ള മലയാളികള്‍. ഇന്ത്യ അവസാനം കളിച്ച പതിമൂന്നു മത്സരങ്ങളില്‍ 11ലും വിജയിച്ചിരുന്നു. ഇതില്‍ ആറു മത്സരങ്ങള്‍ തുടര്ച്ചയായുള്ളവയായിരുന്നു. 31 ഗോളുകളാണ് ഇക്കാലയളവില്‍ ഇന്ത്യ നേടിയത്.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ആറു മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുന്നത്. സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് ചാര്‍ജെടുത്ത ശേഷം നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 2-0ന് നേപ്പാളിനെ പരാജയപ്പെടുത്തി.
ഇന്ത്യക്ക് പുറമെ യെമനും ഫിഫ റാങ്കിംഗില്‍ മുന്നേറ്റം കൈവരിച്ചു. അവര്‍ 148-ാം സ്ഥാനത്ത് നിന്നും 123ലേക്കെത്തി. ഇന്ത്യയുടെ ഈ മുന്നേറ്റം അവിസ്മരണീയമാണെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ട്വിറ്ററില്‍ കുറിച്ചു. ദേശീയ ടീമിനു മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘടന പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് വ്യക്തമാക്കി. ജൂണ്‍ ഏഴിന് ഇന്ത്യ നാട്ടില്‍ ലബനനുമായി സൗഹൃദമത്സരം കളിക്കും. ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ജൂണ്‍ 13ന് ഇന്ത്യ കിര്‍ഗിസ് റിപ്പബ്ലിക്കിനെയും നേരിടും.
ഇന്ത്യയുടെ റാങ്കിംഗിലെ ഉയർച്ച
2015 മാര്‍ച്ച് 173
2015 ഏപ്രില്‍ 147
2015 മേയ് 147
2015 ജൂണ്‍ 141
2015 ജൂലൈ 156
2015 ഓഗസ്റ്റ് 156
2015 സെപ്റ്റംബര്‍ 155
2015 ഒക്ടോബര്‍ 167
2015 നവംബര്‍ 172
2015 ഡിസംബര്‍ 166
2016 ജനുവരി 163
2016 ഫെബ്രുവരി 162
2016 മാര്‍ച്ച് 160
2016 ഏപ്രില്‍ 162
2016 മേയ് 162
2016 ജൂണ്‍ 163
2016 ജൂലൈ 152
2016 ഓഗസ്റ്റ് 152
2016 സെപ്റ്റംബര്‍ 148
2016 ഒക്ടോബര്‍ 137
2016 നവംബര്‍ 137
2016 ഡിസംബര്‍ 135
2017 ജനുവരി 129
2017 ഫെബ്രുവരി 130
2017 മാര്‍ച്ച് 101