ന്യൂഡൽഹി: അടുത്തിടെ ഫിഫ റാങ്കിംഗിൽ മുന്നേറ്റം നടത്തിയ ഇന്ത്യ പുതിയ പട്ടികയിൽ പിന്നോട്ടടിച്ചു. പുതിയ റാങ്കിംഗിൽ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 97ാം സ്ഥാനത്തായി. ഈ സീസണിൽ മത്സരങ്ങളുടെ കുറവ് കൊണ്ടാണ് ഒരു സ്ഥാനം ഇന്ത്യക്ക് താഴോട്ടു പതിക്കേണ്ടിവന്നത്.
എന്നാൽ ഇന്ത്യയുടെ പോയിന്റ് നിലയിൽ (341) മാറ്റമില്ല. ഏഷ്യൻ രാജ്യങ്ങളിൽ 12ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 20 വർഷത്തിനിടെ ലോക റാങ്കിംഗിൽ 96ാം സ്ഥാനത്ത് എത്താൻ ഇന്ത്യക്കായിരുന്നു.
പുതിയ റാങ്കിംഗിൽ ബ്രസീലാണ് ഒന്നാമത്. ജർമനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കാനറികൾ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. അർജന്റീന മൂന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന പോർച്ചുഗൽ ആറാം സ്ഥാനത്തായതാണ് ആദ്യ പത്തിലെ വലിയ മാറ്റം.