സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യ ആദ്യ നൂറില്‍നിന്ന് പുറത്ത്. ഇന്നലെ പ്രഖ്യാപിച്ച പുതിയ പട്ടികയില്‍ ഇന്ത്യ 10 സ്ഥാനം നഷ്ടപ്പെട്ട് 107-ാം സ്ഥാനത്തായി. ഓഗസ്റ്റിൽ ഇന്ത്യ 97-ാം സ്ഥാനത്തായിരുന്നു. മേയ് മാസത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ 100നു പുറത്താകുന്നത്. ഇന്ത്യ അവസാനം കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടില്‍ ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയില്‍ കലാശിച്ചിരുന്നു.
മൂന്നു രാജ്യങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൗറീഷ്യസിനെയും മക്കാവുവിനെയും പരാജയപ്പെടുത്തിയിരുന്നു. അതേസമയം, സെന്റ് കിറ്റ്സിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചു. ജൂലൈയിലാണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കായ 96-ലെത്തിയത്.
അതേസമയം, ബ്രസീലിനെ പിന്തള്ളി ലോകചാമ്പ്യന്മാരായ ജര്‍മനി ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചെക് റിപ്പബ്ലിക്കിനെ 2-1നും നേര്വെയെ 6-0നും പരാജയപ്പെടുത്തിയതാണ് നേട്ടമായത്. കൊളംബിയയോട് സമനില വഴങ്ങിയതാണ് നേരത്തെ തന്നെ ലോകകപ്പിനു യോഗ്യത നേടിയ ബ്രസീലിനു തിരിച്ചടിയായത്. യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തേക്കു മുന്നേറിയപ്പോള്‍ അര്‍ജന്റീന നാലാം സ്ഥാനത്തേക്കെത്തി.
ലോകകപ്പ് യോഗ്യത നേടാന്‍ ബദ്ധപ്പെടുന്ന അര്‍ജന്റീന ഉറുഗ്വെയോടും വെനസ്വേലയോടും സമനില വഴങ്ങിയിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ വീര്‍പ്പുമുട്ടുന്ന സിറിയ വലിയ കുതിപ്പു നടത്തി 75-ാം സ്ഥാനത്തെത്തി.ഏഷ്യ-ഓഷ്യാനിയ രാജ്യങ്ങള്‍ക്കു വന്‍ തിരിച്ചടിയാണുണ്ടായത്. ആദ്യ 50ലുള്ളത് ഇറാനും ജപ്പാനും ഓസ്ട്രേലിയ.