സൂറിച്ച്: ഫിഫയുടെ പുതിയ റാങ്കിംഗില്‍ അടിമുടി മാറ്റം. പുതിയ റാങ്കിംഗില്‍ ദയനീയ പതനവുമായി അര്‍ജന്റീനയും ജര്‍മനിയും. ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന ജര്‍മനി പതിനാലു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി പതിനഞ്ചാം സ്ഥാനത്തേക്കു വീണപ്പോള്‍ അര്‍ജന്റീന ആറു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി പതിനൊന്നാം സ്ഥാനത്താണ്. റഷ്യന്‍ ലോകകപ്പിലെ ദയനീയ പ്രകടനമാണ് ഇരു ടീമുകളുടെയും റാങ്കിംഗിനെ ബാധിച്ചത്.
ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ അര്‍ജന്റീന ഫ്രാന്‍സിനോടു തോറ്റാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തു നില്ക്കുന്ന ലിസ്റ്റില്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം രണ്ടാം സ്ഥാനത്തും ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീല്‍ മൂന്നാം സ്ഥാനത്തുമാണ്.
ക്രൊയേഷ്യയാണ് ലോകകപ്പിനു ശേഷം റാങ്കിംഗില്‍ വന്‍ കുതിപ്പുണ്ടാക്കിയ ടീം. ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തെത്തിയ ക്രൊയേഷ്യ പതിനാറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി.
ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച സ്വീഡനാണ് വലിയ കുതിപ്പുണ്ടാക്കിയ മറ്റൊരു ടീം. ഒറ്റയടിക്ക് പതിനൊന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്വീഡന് റാങ്കിംഗില്‍ ജര്‍മനിക്കും മുകളില്‍ പതിമൂന്നാം സ്ഥാനത്താണ്. ഉറുഗ്വെ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്, ഡെന്മാര്ക്ക് എന്നിവരാണ് യഥാക്രമം അഞ്ചു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ആതിഥേയരായ റഷ്യ ഇരുപത്തിയൊന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാല്പത്തിയൊന്പതാം സ്ഥാനത്താണ് നില്‍ക്കുന്നത്.
ഇന്ത്യ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി തൊണ്ണൂറ്റിയാറില്‍ എത്തിയിട്ടുണ്ട്. ഏഷ്യന്‍ കപ്പിനു മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്ക് റാങ്കിംഗില്‍ ഇനിയും ഉയര്‍ന്ന നിലയിലെത്താന്‍ സാധ്യതയുണ്ട്. ഏഷ്യന്‍ ടീമുകളുടെ ലോക റാങ്കിംഗില്‍ നിലവില്‍ പതിനാലാം സ്ഥാനത്താണ് ഇന്ത്യ.
ഇറാനാണ് ഏഷ്യയില്‍ നിന്നും ഫിഫ റാങ്കിംഗില്‍ മുന്നില്‍ നില്ക്കുന്ന ടീം. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടീം അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുപ്പത്തിരണ്ടാം റാങ്കിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.