കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനുള്ള സ്റ്റേഡിയങ്ങൾ ഫിഫയ്ക്കു കൈമാറി. പ്രധാന വേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ ലോകകപ്പ് വേദികളുടെ ചുമതലയുള്ള വെന്യൂ ഓപ്പറേഷൻസ് മാനേജർ റോമ ഖന്ന സ്റ്റേഡിയങ്ങൾ ഏറ്റെടുത്തു. ജിസിഡിഎ സെക്രട്ടറി എം.സി. ജോസഫ്, നോഡൽ ഓഫീസർ എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ചേർന്നാണു കൈമാറ്റം നടത്തിയത്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനൊപ്പം പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനന്പള്ളി നഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങളാണു കൈമാറിയത്. ഇനി ലോകകപ്പ് അവസാനിക്കുംവരെ സ്റ്റേഡിയങ്ങളുടെ പൂർണ അധികാരം ഫിഫയ്ക്കാകും. ലോകകപ്പ് നടത്തിപ്പിനു വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ റോമ ഖന്ന അഭിനന്ദിച്ചു.
അതേസമയം പ്രധാനവേദിയിലും പരിശീല മൈതാനങ്ങളിലും ചില പണികൾ ഇനിയും തീർന്നിട്ടില്ല. ഈ പണികൾ അടുത്ത ദിവസങ്ങളിൽ ഫിഫയുടെ നിരീക്ഷണത്തിൽ സർക്കാരിന്റെ ഉത്തരവാദിത്തത്തിൽതന്നെ നടക്കും. ലോകകപ്പ് ട്രോഫിക്ക് ഉജ്വലമായ സ്വീകരണമാണു കൊച്ചിയിൽ ലഭിച്ചതെന്നും തുടർന്നും ഈ സഹകരണം വേണമെന്നും റോമ ഖന്ന പറഞ്ഞു.
ലോകകപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നു നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു. സംസ്ഥാന സർക്കാർ ഏകദേശം 60 കോടി രൂപയാണ് ലോകകപ്പിനായി വിനിയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്റ്റേഡിയങ്ങളും കൈമാറിയെങ്കിലും ചില മിനുക്കു പണികൾ അവശേഷിക്കുന്നുണ്ടെന്നും അടുത്ത ദിവസങ്ങളിൽ ഇവ പൂർത്തിയാകുമെന്നും ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ പറഞ്ഞു.
കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.ഐ. മേത്തറും ചടങ്ങിൽ പങ്കെടുത്തു.കഴിഞ്ഞ 15നു സ്റ്റേഡിയങ്ങൾ ഫിഫയ്ക്കു കൈമാറാനായിരുന്നു നേരത്തെ അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടക്കാർ ഒഴിയാൻ തയാറാവാതെ ഹൈക്കോടതിയെ സമീപിച്ചതിനാൽ കൈമാറ്റം നീണ്ടു പോവുകയായിരുന്നു.
25നു മുൻപ് എല്ലാ കടകളും ഒഴിയണമെന്നു ഹൈക്കോടതി ഉത്തരവിട്ടതിനാൽ കടകളെല്ലാം ഇന്നലെയോടെ ഒഴിഞ്ഞു. കടയുടമകൾക്കു 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമായിട്ടുണ്ട്.അടുത്ത മാസം ഏഴിനു വൈകുന്നേരം അഞ്ചിനു ബ്രസീൽ-സ്പെയിൻ മത്സരത്തോടെയാണു കൊച്ചിയിൽ ലോകകപ്പിന്റെ കേളികൊട്ടുയരുന്നത്.
സ്റ്റേഡിയത്തിലെ കടകൾ ഒഴിപ്പിച്ചു
കൊച്ചി: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിപ്പിച്ചു. ഹൈക്കോടതി വിധിപ്രകാരം കടമുറികൾ ഒഴിയാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. ഇനി കൊച്ചിയിൽ നടക്കുന്ന മത്സരങ്ങൾക്കുശേഷം അടുത്ത മാസം 25നേ കടകൾ വീണ്ടും തുറക്കൂ. കൊച്ചി സിറ്റിപോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശപ്രകാരം പോലീസ് സംഘമെത്തി കടകൾ പൂട്ടി സീൽ ചെയ്തശേഷം ഇന്നലെത്തന്നെ ഫിഫയ്ക്കു സ്റ്റേഡിയം കൈമാറുകയായിരുന്നു.
കഴിഞ്ഞ 15ന് സ്റ്റേഡിയം ഫിഫയ്ക്കു കൈമാറാനായിരുന്നു നേരത്തെ അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കടകളുടെ ഉടമകൾ ഒഴിയാനുള്ള ജിസിഡിഎ നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി 25നു മുൻപ് കടകൾ ഒഴിയാൻ നിർദേശിച്ചു.
കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ കടകൾ ഒഴിയണമെന്നു രണ്ടു വർഷം മുൻപ് ലോകകപ്പ് വേദി അനുവദിക്കുന്ന സമയത്തുതന്നെ ഫിഫ നിർദേശിച്ചിരുന്നു. എന്നാൽ, ജിസിഡിഎ ഈ മാസം 15ന് കടകൾ ഒഴിയണമെന്നു നോട്ടീസ് നൽകിയപ്പോൾ കടയുടമകൾ ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.