ലണ്ടൻ: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾ ആരാണെന്നു വെളിപ്പെടുത്തുന്ന 2023 ഫിഫ ദ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഇന്ത്യൻ സമയം ഇന്ന് രാത്രി ഒരു മണി മുതൽ.
ഏറ്റവും മികച്ച പുരുഷ താരം, ഏറ്റവും മികച്ച പുരുഷ ഗോൾ കീപ്പർ, മികച്ച പുരുഷ ടീം പരിശീലകൻ, ഏറ്റവും മികച്ച വനിതാ താരം, മികച്ച വനിതാ ഗോൾ കീപ്പർ, മികച്ച വനിതാ ടീം മാനേജർ, ഏറ്റവും മികച്ച ഗോൾ തുടങ്ങിയ പുരസ്കാരങ്ങളാണ് ചടങ്ങിൽ പ്രഖ്യാപിക്കുക. എല്ലാ വിഭാഗങ്ങളിലെയും അവസാന മൂന്ന് കളിക്കാരെ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.
ഹാലണ്ട്, എംബപ്പെ, മെസി
2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20വരെയുള്ള പ്രകടനം വിലയിരുത്തിയാണ് മികച്ച പുരുഷ താരത്തെ തെരഞ്ഞെടുക്കുക. 2023ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളറിനുള്ള അന്തിമ പട്ടികയിൽ ഇംഗ്ലീഷ് പ്രമീയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിംഗ് ഹാലണ്ട്, ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമയ്ന്റെ (പിഎസ്ജി) സ്വദേശി താരം കിലിയൻ എംബപ്പെ, കഴിഞ്ഞ സീസണിൽ പിഎസ്ജിക്കായും അമേരിക്കൻ മേജർ ലീഗ് ക്ലബ്ബായ ഇന്റർ മയാമിക്കുവേണ്ടിയും കളിച്ച അർജന്റൈൻ ഇതിഹാസം ലയണൽ മെസി എന്നിവരാണുള്ളത്.
ഫിഫ ദ ബെസ്റ്റ് മാനേജർ അന്തിമപട്ടികയിലുള്ള പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിൽ കഴിഞ്ഞ സീസണിൽ യുവേഫ ചാന്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിങ്ങനെ നാല് ട്രോഫികൾ ഹാലണ്ട് സ്വന്തമാക്കിയിരുന്നു. മെസി അമേരിക്കയിലേക്കും നെയ്മർ സൗദിയിലേക്കും ചേക്കേറിയതോടെ പിഎസ്ജിയുടെ ഏക മുഖമായി മാറിയിരിക്കുകയാണ് എംബപ്പെ.
2023 ജൂലൈയിലാണ് മെസി ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്. 2023 ലോക ഫുട്ബോളറിനുള്ള ബലോണ് ദോർ മെസിയായിരുന്നു സ്വന്തമാക്കിയത്. ഫിഫ ദ ബെസ്റ്റ് പുരസ്കാരം 2019, 2022 വർഷങ്ങളിൽ മെസി സ്വന്തമാക്കിയിട്ടുണ്ട്.