പാരിസ്: അർജന്റീനയെ ലോകകിരീടത്തിലേക്കു നയിച്ച ലയണൽ മെസിക്കു ഫിഫയുടെ പുരസ്കാരവും. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർജന്റീനിയൻ ക്യാപ്റ്റൻ കൂടിയായ മെസി തെരഞ്ഞെടുക്കപ്പെട്ടു.
ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസി നേടി. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെയാണ് വോട്ടെടുപ്പിൽ മെസി പിന്നിലാക്കിയത്.
36 വർഷത്തെ ഇടവേളയ്ക്കുശേഷം അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച രക്ഷപ്പെടുത്തലുകളുമായി നിറഞ്ഞാടിയ എമിലിയാനോ മാർട്ടീനസ് മികച്ച പുരുഷ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
അർജന്റീനയുടെ ലയണൽ സ്കലോണി ആണു മികച്ച പരിശീലകൻ. മികച്ച ആരാധകക്കൂട്ടത്തിനുള്ള പുരസ്കാരവും അർജന്റീന നേടി.
ബാർസിലോന താരം അലക്സിയ പ്യുട്ടയാസ് ആണ് മികച്ച വനിതാ താരം. തുടരെ രണ്ടാം തവണയാണ് സ്പാനിഷ് താരം പ്യുട്ടയാസ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്നത്. മികച്ച ഗോളിനുള്ള ഫ്രാങ്ക് പുഷ്കാസ് പുരസ്കാരം മാർചിൻ ഒലെസ്കി സ്വന്തമാക്കി.
ക്രച്ചസിന്റെ സഹായത്തോടെ പോരാടുന്ന ഒലെസ്കിക്ക്, പാരാ ഫുട്ബോളിൽ വാർറ്റ് പോർസ്നാൻ എഫ്സിക്കായി നേടിയ സിസർ കട്ട് ആണ് പുരസ്കാരം നേടിക്കൊടുത്തത്.
കളിക്കളത്തിൽ ബോധരഹിതനായി വീണ എഫ്കെ ഓസ്ട്രിയ താരത്തിന്റെ ജീവൻ രക്ഷിച്ച ലൂക്കാ ലോഷാവിലിക്കാണ് (വൂൾവ്സ്ബർഗ്) ഫെയർപ്ലേ പുരസ്കാരം.
മറ്റു പുരസ്കാരങ്ങൾ: മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്മാൻ (ഇംഗ്ലണ്ട്), മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ്).
ഏഴാം തവണയാണ് മെസി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, നാലു തവണ ഫിഫ ബലോൻ ദ് ഓർ, രണ്ടു തവണ ഫിഫ ദ് ബെസ്റ്റ് എന്നിവ മെസി നേടിയിരുന്നു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീനയെ കിരീടത്തിലെത്തിച്ചത് മെസിയുടെ നായകമികവ് കൂടിയാണ്.
ഖത്തർ ലോകകപ്പിൽ ഫൈനലിലെ രണ്ടു ഗോളുകൾ ഉൾപ്പെടെ ഏഴു ഗോളുകൾ നേടിയ മെസി മൂന്നു ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു.
പുരസ്കാരനിശയിൽ ഇതിഹാസതാരം പെലെയ്ക്ക് ഫുട്ബോൾ ലോകം ആദരമർപ്പിച്ചു. മരണാനന്തര ബഹുമതിയായി ഫിഫ നൽകിയ പ്രത്യേക പുരസ്കാരം പെലെയ്ക്ക് വേണ്ടി പത്നി മാർസിയ അയോക്കി ഏറ്റുവാങ്ങി. ചടങ്ങിന് മുമ്പായി ബ്രസീലിയൻ താരം റൊണാൾഡോ നസാരിയോ പെലെ അനുസ്മരണ പ്രഭാഷണം നടത്തി.