ന്യൂഡൽഹി: പരാഗ്വെയെ തകർത്ത് യുഎസ്എ അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു യുഎസ്എയുടെ വിജയം. തിമോത്തി വിയയുടെ ഹാട്രിക്കായിരുന്നു യുഎസ്എ വിജയത്തിന്റെ സവിശേഷത. ആഫ്രിക്കൻ ഫുട്ബോൾ ഇതിഹാസതാരവും രാഷ്ട്രീയ നേതാവുമായിരുന്ന ജോർജ് വിയയുടെ മകനാണ് തിമോത്തി വിയ. ഇംഗ്ലണ്ട്-ജപ്പാൻ മത്സരത്തിലെ വിജയികളെ ക്വാർട്ടറിൽ യുഎസ്എ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ തിമോത്തി പരാഗ്വെ വലയിൽ പന്തെത്തിച്ചു. ടൂർണമെന്റിൽ തിമോത്തിയുടെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ യുഎസ്എ ഒരു ഗോളിനു മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിൽ തിമോത്തി വീണ്ടും ലക്ഷ്യം കണ്ടു. 64-ാം മിനിറ്റിൽ ആൻഡ്രൂ കാൾട്ടനിലൂടെ യുഎസ്എ ലീഡ് ഉയർത്തി. 70-ാം മിനിറ്റിൽ ജോണ് ഹാക്ക്വർത്തിലൂടെ യുഎസ്എ ലീഡ് നാലാക്കി. ഏഴു മിനിറ്റിനുശേഷം നേടിയ ഗോളിലൂടെ തിമോത്തി ഹാട്രിക് പൂർത്തിയാക്കി.
അൽകാസ് ഇന്റർനാഷണൽ കപ്പിൽ ചൈനീസ് ക്ലബ്ബായ ഷാങ്ഹായ് ഗ്രീൻലൻഡിനെതിരേ ഒറ്റ മത്സരത്തിൽ അഞ്ചു ഗോളടിച്ചാണ് തിമോത്തി ശ്രദ്ധയിലേക്കുയരുന്നത്. യുഎസ്എ അണ്ടർ 17 ദേശീയ ടീമിലും പിഎസ്ജി അണ്ടർ 19 ടീമിലും തിമോത്തി അംഗമാണ്. 2000 ഫെബ്രുവരി 22-ന് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലാണ് തിമോത്തി ജനിച്ചത്.