കൊച്ചി: രാജ്യം ആദ്യമായി വേദിയാകുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന തുടരുന്നു. ഫൈനൽ മത്സരം നടക്കുന്ന കോൽക്കത്തയിലും ഗ്രൂപ്പ് മത്സരങ്ങളും മറ്റും നടക്കുന്ന ഗോഹട്ടി, ഡൽഹി സ്റ്റേഡിയങ്ങളിലും ടിക്കറ്റുകൾ ഏറെക്കുറെ വിറ്റുതീർന്നു. എന്നാൽ മറ്റു വേദികളായ കൊച്ചിയും ഗോവയും ടിക്കറ്റ് വിൽപ്പനയിൽ പിന്നിലാണ്.
ആറു ഗ്രൂപ്പ് മത്സരങ്ങളും ഒന്നുവീതം പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും നടക്കുന്ന കൊച്ചിയിൽ പാതിമാത്രം ടിക്കറ്റുകളേ വിറ്റുപോയിട്ടുള്ളൂ. ടിക്കറ്റ് വിൽപനയുടെ മൂന്നാംഘട്ടം പാതി പിന്നിട്ടപ്പോൾ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ മിക്ക മത്സരങ്ങൾക്കും സീറ്റുകൾ ഇനിയും ബാക്കിയുണ്ട്.
ഒക്ടോബർ അഞ്ചു മുതൽ ആരംഭിക്കുന്ന അവസാനഘട്ടത്തിൽ ശേഷിക്കുന്ന ടിക്കറ്റുകൾ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണു സംഘാടകർ. ഗ്രൂപ്പ് മത്സരങ്ങളിലെ തീപാറുന്ന പോരാട്ടമായി കായിക ലോകം ഉറ്റുനോക്കുന്ന ബ്രസീൽ-സ്പെയിൻ മത്സരത്തിന്റെ ഓണ്ലൈൻ ടിക്കറ്റുകൾ ഇതിനോടകം വിറ്റു തീർന്നിട്ടുണ്ട്. ഒക്ടോബർ ഏഴിനു വൈകുന്നേരം അഞ്ചിന് കൊച്ചി കലൂർ സ്റ്റേഡിയത്തിലാണു മത്സരം.
എല്ലാ മത്സരങ്ങളും കാണാൻ അവസരമൊരുക്കുന്ന 800 രൂപയുടെ ടിക്കറ്റുകളും വിറ്റു തീർന്നിട്ടുണ്ട്. ഗാലറിയുടെ ഒന്നാം നിലയിൽ കിഴക്ക് ഭാഗത്തെ ഇരിപ്പിടത്തിനു 300 രൂപയും തെക്ക്, പടിഞ്ഞാറു ഭാഗങ്ങളിലെ ഇരിപ്പിടത്തിന് 150 രൂപയുമാണു ടിക്കറ്റ് നിരക്ക്. രണ്ടാം നിലയിൽ ഇരിപ്പിടത്തിന് 60 രൂപയുടെ ടിക്കറ്റ് എടുത്താൽ മതി. സുരക്ഷാ കാരണങ്ങളാൽ മൂന്നാം നിലയിൽ കാണികളെ പ്രവേശിപ്പിക്കില്ല.
അനിൽ തോമസ്.