ന്യൂഡൽഹി: കൺമുന്നിൽ ലോകകപ്പിനു പന്തുരുളാൻ ഇനി ഒരു ദിവസത്തിന്റെ അകലം മാത്രം. ഇന്ത്യ ഇദംപ്രഥമമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പിനു നാളെ കിക്കോഫ്. ഉദ്ഘാടന മാമാങ്കങ്ങളും ചടങ്ങുകളും പാടെ ഒഴിവാക്കി കളിക്കു മാത്രം മുൻതൂക്കം നല്കുന്പോൾ ഇന്ത്യയുടെ വലിയ ഫുട്ബോൾ സ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കുകയാണ്.
നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന ന്യൂസിലൻഡ് – തുർക്കി, കൊളംബിയ- ഘാന മത്സരങ്ങളോടെയാണ് അണ്ടർ 17 ലോകകപ്പിന്റെ 17-ാം പതിപ്പിനു തുടക്കമാകുന്നത്. നാളെ രാത്രി എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ എതിരാളി അമേരിക്ക. അതേസമയത്തുതന്നെ പരാഗ്വെ മാലിയെയും നേരിടും.
ആറു ഗ്രൂപ്പുകളിലായി 24 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ യോഗ്യത നേടിയത്.