ബുവാനോസ് ആരീസ്/ക്യുയേബ: 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ലയണൽ മെസിയുടെ അർജന്റീനയ്ക്കു ജയം.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന മെസി, രണ്ടാം പകുതിയിൽ (53’) പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മത്സരത്തിൽ അർജന്റീന 1-0ന് പരാഗ്വെയെ തോൽപ്പിച്ചു. മൂന്നാം മിനിറ്റിൽ നിക്കോളാസ് ഒട്ടാമെൻഡി നേടിയ ഗോളിലായിരുന്നു അർജന്റീനയുടെ ജയം. മെസിയുടെ ഒളിന്പിക് ഗോൾ ശ്രമമുൾപ്പെടെ രണ്ട് ഷോട്ട് ഗോൾ പോസ്റ്റിൽ ഇടിച്ചു മടങ്ങി.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ലാറ്റനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ മൂന്നാം ജയമാണ്. മൂന്ന് മത്സരങ്ങളിൽ ഒന്പത് പോയിന്റുമായി ടേബിളിൽ അർജന്റീന ഒന്നാം സ്ഥാനത്തെത്തി.
ക്ലീൻ ഷീറ്റ് നേടിയതോടെ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതിരിക്കുന്ന ഗോൾ കീപ്പർ എന്ന റിക്കാർഡ് എമിലിയാനൊ മാർട്ടിനെസ് സ്വന്തമാക്കി, 622 മിനിറ്റ്. ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരേയാണ് എമിലിയാനൊ അവസാനമായി ഗോൾ വഴങ്ങിയത്.
ബ്രസീലിന്റെ ഹോം സമനില
വെനസ്വേലയ്ക്കെതിരേ സ്വന്തം മണ്ണിലിറങ്ങിയ നെയ്മറിനും സംഘത്തിനും 1-1ന്റെ സമനില കുരുക്ക്. 85-ാം മിനിറ്റിൽ എഡ്വേർഡ് ബെല്ലൊ നേടിയ ഗോളിലായിരുന്നു വെനസ്വേലയുടെ സമനില. ഗബ്രിയേലിലൂടെ (50’) ബ്രസീൽ ലീഡ് നേടിയിരുന്നു. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ വിജയ പരന്പരയ്ക്ക് അവസാനമായി. 2015 മുതൽ 15 മത്സരങ്ങളിൽ ബ്രസീൽ ഹോം ജയം സ്വന്തമാക്കിയിരുന്നു.
മറ്റു മത്സരങ്ങളിൽ കൊളംബിയയും ഉറുഗ്വെയും 2-2നു സമനിലയിൽ പിരിഞ്ഞു. ചിലി 2-0ന് പെറുവിനെയും ഇക്വഡോർ 2-1ന് ബൊളീവിയയെയും തോൽപ്പിച്ചു. അർജന്റീനയ്ക്കു പിന്നിൽ ബ്രസീൽ (7 പോയിന്റ്), കൊളംബിയ (5), ഉറുഗ്വെ (4) ടീമുകളാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളിൽ.