ബ്രസീലിയ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി നടന്ന സൂപ്പർ പോരാട്ടത്തിൽ അര്‍ജന്റീനയോട് ബ്രസീല്‍ ഒരു ഗോളിനു തോറ്റു. ചരിത്രപ്രസിദ്ധമായ മാറക്കാന മൈതാനത്താണ് ചിരവൈരികളായ ഇരു ടീമുകളും ഏറ്റുമുട്ടിയത്. 63-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡി അര്‍ജന്റീനയ്ക്കായി വിജയ ഗോള്‍ കണ്ടെത്തി. ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടിയെടുത്ത ഹെഡറിൽ ഒട്ടാമെന്‍ഡി അര്‍ജന്റീനയ്ക്ക് വിജയമൊരുക്കുകയായിരുന്നു.
ചരിത്രത്തിലാദ്യമായാണ് ബ്രസീല്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരം തോല്‍ക്കുന്നത്. നെയ്മറും വിനിഷ്യസ് ജൂനിയറും റിച്ചാര്‍ലിസണും ഇല്ലാതിറങ്ങിയ ബ്രസീല്‍ മത്സരത്തിലുടനീളം നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. 81-ാം മിനിറ്റില്‍ ജോലിന്ടണ് ചുവപ്പ് കാര്‍ഡ് കാണുകയുമുണ്ടായി.
ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗാലറിയില്‍ കൂട്ടയടിയുണ്ടായതോടെ അര മണിക്കൂറോളം വൈകിയാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന മത്സരം ആരംഭിച്ചത്. അര്‍ജന്റീനന്‍ ദേശീയഗാനം ആരംഭിക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ കൂവിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു സൂപ്പര്‍ പോരാട്ടത്തിന് കിക്കോഫ് വേണ്ടിയിരുന്നത്. കിക്കോഫ് വൈകിയതോടെ ലിയോണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. സുരക്ഷാവിഭാഗം സ്ഥിതിഗതികൾ ശാന്തമാക്കിയശേഷം മത്സരം തുടങ്ങി.