ദോഹ: ഖത്തർ ലോകകപ്പ് സെമിഫൈനലിൽ എത്തിനിൽക്കെ ഇതുവരെ പിറന്നത് 158 ഗോളുകൾ. ലോകകപ്പിലെ ഗോൾവീരന് ലഭിക്കുന്ന ഗോൾഡൻ ബൂട്ടിനായി അഞ്ചു ഗോളുകളുമായി ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയാണ് മുന്നില്‍.
സെമിഫൈനലിൽ ഇടം പിടിച്ച അര്‍ജന്റീന, ഫ്രാന്‍സ്, ക്രൊയേഷ്യ, മൊറോക്കോ ടീമുകളില്‍ രണ്ട് ഗോളുകളെങ്കിലും നേടിയ ആറ് പേര് ഗോള്‍ഡന്‍ ബൂട്ടിനായി രംഗത്തുണ്ട്.
രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടെ പേരില്‍ അഞ്ച് ഗോളുകളുണ്ട്. രണ്ട് അസിസ്റ്റും എംബപ്പെ പേരില്‍ ചേര്‍ത്തു. അര്‍ജന്റീന ക്യാപ്റ്റന്‍ ലിയണല്‍ മെസിയാണ് രണ്ടാമത്. അഞ്ച് കളിയില്‍ നേടിയത് നാല് ഗോളും രണ്ട് അസിസ്റ്റും.
ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഒളിവിയര്‍ ജിറൂദുമുണ്ട് നാലു ഗോളുമായി മെസിക്കൊപ്പം. രണ്ട് ഗോളുകള്‍ നേടിയ ക്രമാരിച്ചാണ് ക്രൊയേഷ്യന്‍ നിരയിലെ ഗോള്‍ വേട്ടക്കാരന്.
മൊറോക്കോയുടെ മുന്നേറ്റത്തില്‍ കരുത്തായ യൂസഫ് അന്നസീരിക്കും പേരിലുള്ളത് രണ്ട് ഗോളുകള്‍. അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസും രണ്ട് ഗോള്‍ നേടി.
സെമിഫൈനലില്‍ ജയിക്കുന്നവര്‍ക്ക് ഫൈനലും തോല്‍ക്കുന്നവര്‍ക്ക് ലൂസേഴ്സ് ഫൈനലുമുള്ളതിനാല്‍ രണ്ട് കളികളാണ് നാല് ടീമുകളിലെ താരങ്ങള്‍ക്കും ബാക്കിയുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ ആറ് ഗോളുമായി ഹാരി കെയ്നാണ് പുരസ്കാരം സ്വന്തമാക്കിയത്.