ന്യൂഡൽഹി: 2022 ഖത്തർ ലോകകപ്പ്, 2023 ഏഷ്യൻ ചാന്പ്യൻഷിപ്പ് പോരാട്ടങ്ങൾക്കുള്ള യോഗ്യതാ ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു. ഫിഫയും എഎഫ്സിയും (ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) സംയുക്തമായാണ് ഇക്കാര്യം തീരുമാനിച്ചതും അറിയിച്ചതും. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്നാണ് തീരുമാനം.
ഈ മാസം ഖത്തറിനെതിരേ ഭുവനേശ്വറിൽ നടക്കേണ്ട ഇന്ത്യയുടെ മത്സരം ഉൾപ്പെടെയാണ് മാറ്റിവച്ചിരിക്കുന്നത്. 26നായിരുന്നു ഇന്ത്യ x ഖത്തർ പോരാട്ടം നടക്കേണ്ടിയിരുന്നത്. മാർച്ച് 23 മുതൽ 31വരെയും ജൂണ്‍ ഒന്ന് മുതൽ ഒന്‍പത് വരെയും നടക്കേണ്ട സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ രാജ്യാന്തര പോരാട്ടങ്ങളും മാറ്റിവച്ചു.
31 തജിക്കിസ്ഥാനെതിരേയായിരുന്നു ഇന്ത്യയുടെ സൗഹൃദ മത്സരം. ജൂണിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർക്കെതിരേയും ഇന്ത്യക്ക് മത്സരങ്ങളുണ്ടായിരുന്നു. യോഗ്യതാ മത്സരങ്ങൾ നീട്ടിയതോടെ ഇന്ത്യൻ ക്യാന്പും ഉപേക്ഷിക്കും.