കെ കെ അർജുനൻ
എൽത്തുരുത്ത്: ലോകകപ്പിന്റെ ആവേശംമൂത്ത് നാട്ടിലും പുഴയിലുമൊക്കെ തങ്ങളുടെ പ്രിയ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിക്കുമ്പോൾ ഇഷ്ടതാരത്തോടുള്ള ആരാധനമൂത്ത് സ്വന്തം വീട്ടുമുറ്റത്ത് പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയിരിക്കുകയാണ് ഒളരി എൽത്തുരുത്തിലെ മൂവർ സഹോദരങ്ങൾ.
ഒളരി എൽത്തുരുത്ത് കോളജ് റോഡിൽ ചിറ്റിലപ്പിള്ളി വീട്ടിൽ കുഞ്ഞാപ്പുവിനന്റെ മക്കളായ ആന്റണി, റോണി, റോബിൻ എന്നിവരാണ് തങ്ങളുടെ പ്രിയങ്കരനായ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് സ്വന്തം വീടിനു മുന്നിൽ ഉയർത്തിയത്.
30 അടി ഉയരത്തിലാണ് കട്ടൗട്ട്. പൂർണമായും പ്ലൈവുഡ് ഉപയോഗിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്. 30,000 രൂപ ചെലവായി. മൂന്നു ദിവസമാണ് ഇതു തയാറാക്കാൻ വേണ്ടിവന്നത്. ഫുട്ബോൾ ആരാധകരും വിദ്യാർഥികളുമെല്ലാം ഈ കട്ട് ഔട്ടിനു മുന്നിൽനിന്ന് സെൽഫി എടുക്കാൻ എത്തുന്നുണ്ട്.