ഇരുപത്തിയെട്ട് ദിനങ്ങൾക്കപ്പുറം റഷ്യയിൽ ലോകകപ്പ് പന്തുരുളാനിരിക്കേ കിരീടസാധ്യതയിൽ ഏറ്റവും മുന്നിലുള്ളത് ലാ റോഹ (ചുവപ്പ്) എന്ന ഓമനപ്പേരുകാരായ സ്പെയിൻ. ലോകകപ്പ് ആരു നേടുമെന്ന ചോദ്യത്തിന് 81 ശതമാനം ആളുകളും നല്കിയ ഉത്തരം സ്പെയിൻ എന്നായിരുന്നു.
ലോകഫുട്ബോളർ കിരീടം നേടിയവരോ കോടാനുകോടി വിലമതിക്കുന്ന സൂപ്പർ ഡ്യൂപ്പർ താരങ്ങളോ ഇല്ലാത്ത സ്പെയിനിനെ ഫുട്ബോൾ ലോകത്തുള്ളവർക്ക് അത്രയ്ക്കു വിശ്വാസമാണ്. ടിക്കി-ടാക്കയിലൂടെ 2010 ലോകകപ്പ് കിരീടം സ്വന്തമാക്കിയവരാണ് സ്പാനിഷുകാർ.
അതുകൊണ്ടുതന്നെ ഇത്തവണയും കാളപ്പോരിന്റെ നാട്ടുകാരെ എഴുതിത്തള്ളുക അസാധ്യം. കിരീടം ആരുനേടുമെന്ന വോട്ടെടുപ്പിൽ സ്പെയിനിനു തൊട്ടുപിന്നിൽ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ബെൽജിയം, അർജന്റീന, ക്രൊയേഷ്യ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവ ആദ്യ പത്തിൽ ഉൾപ്പെട്ടു.
1970 ലോകകപ്പിലെ പെലെയുടെ ബ്രസീൽ സംഘത്തിന്റെ ആധുനിക വിഭാവനയാണ് സ്പെയിൻ ടീമെന്നാണ് ഫുട്ബോൾ നിരൂപകരുടെ വിലയിരുത്തൽ. 1954ലെ പുഷ്കാസിന്റെ ഹംഗേറിയൻ സംഘത്തോട് ഉപമിക്കുന്നവരും കുറവല്ല.
2008 യൂറോ കിരീടമണിഞ്ഞതോടെയാണ് സ്പെയിൻ ലോകത്തിനു മുന്നിൽ നെഞ്ചുവിരിച്ചത്. ആന്ദ്രേ ഇനിയെസ്റ്റ, ഇകർ കസിയസ്, കാർലോസ് പുയോൾ, ചാവി ഹെർണാണ്ടസ്, സെസ് ഫാബ്രിഗസ്, സെർജ്യോ റാമോസ്, ഡേവിഡ് വിയ്യ തുടങ്ങിയവരുടെ അന്നത്തെ സംഘം രണ്ടു വർഷത്തിനുശേഷം 2010 ലോകകപ്പ് കിരീടവുമുയർത്തി. തുടർന്ന് 2012 യൂറോകപ്പ് കൂടി നേടിയതോടെ സ്പെയിൻ ചരിത്രത്തിൽ ഇടംപിടിച്ചു. ഹാട്രിക് ഫിഫ കിരീടം നേടുന്ന ആദ്യസംഘമായി ലാ റോഹ.
2014 ലോകകപ്പിൽ സ്പാനിഷുകാർ ആദ്യ റൗണ്ടിൽത്തന്നെ നാട്ടിലേക്കു മടങ്ങി. എന്നാൽ, ഇത്തവണ അതിനും കണക്ക് തീർക്കാൻ കോപ്പുകൂട്ടിയാവും റാമോസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തുക.
റാമോസ്, ജെറാർഡ് പിക്കെ, കാർവഹാൽ, ജോർഡി ആൽബ, ഇസ്കോ, കോക്കെ, ഡിയാഗോ കോസ്റ്റ, ഡേവിഡ് ഡി ഗിയ എന്നിവരെല്ലാം അണിനിരക്കുന്ന സ്പെയിൻ കടലാസിനപ്പുറവും ശക്തർതന്നെ.
ഡിയേഗോ കോസ്റ്റ
ഗോളടിമാത്രം ചുമതലയുള്ള ഡിയേഗോ കോസ്റ്റ 2014 മുതൽ സ്പാനിഷ് സംഘത്തിലുണ്ട്. 18 രാജ്യാന്തര മത്സരങ്ങളിൽനിന്ന് ഏഴ് ഗോൾ അടിച്ച കോസ്റ്റ ആണ് സ്പെയിനിന്റെ സ്കോറിംഗ് മെഷീൻ ആകുക. ലാഗോ ആസ്പസ് (എട്ടു കളികളിൽ നാലു ഗോൾ), റോഡ്രിഗോ (നാലു മത്സരത്തിൽ രണ്ടു ഗോൾ) എന്നിവരും സമീപനാളിൽ സ്പാനിഷ് ആക്രമണത്തിന്റെ ചുമതല വഹിച്ചു.
സെർജ്യോ റാമോസ്
മുപ്പത്തിരണ്ടുകാരനായ റാമോസാണ് സ്പെയിനിന്റെ ക്യാപ്റ്റനും പ്രതിരോധനിരയിലെ നെടുംതൂണും. സ്പെയിനിനായി ഏറ്റവുമധികം മത്സരം കളിച്ചതിൽ രണ്ടാം സ്ഥാനത്താണ് റാമോസ്. പതിനെട്ടാം വയസ് മുതൽ സ്പെയിനിന്റെ പ്രതിരോധഭടനായ റാമോസ് 2006, 2010, 2014 ലോകകപ്പുകളിൽ കളിച്ചു.
ജെറാർഡ് പിക്കെ, ജോർഡി ആൽബ, ഡാനി കാർവഹാൽ, നാച്ചോ തുടങ്ങിയവരാണ് റാമോസിനൊപ്പമുള്ള പ്രതിരോധ കരുത്തർ.
ഇനിയെസ്റ്റയുടെ അവസാന ലോകകപ്പ്
ഇനിയെസ്റ്റയെപോലെ മറ്റൊരു താരം ഇന്ന് ഭൂഗോളത്തിൽ ഇല്ല. കളി മെനയുന്നതിൽ ഇനിയെസ്റ്റ, ഇറ്റലിയുടെ ആന്ദ്രേ പിർലോ, അർജന്റീനയുടെ റിക്വിൽമി എന്നിവർക്കൊന്നും പകരക്കാരില്ലെന്നു ലോകം അംഗീകരിച്ചുകഴിഞ്ഞതാണ്. 2006 മുതൽ സ്പാനിഷ് ടീമിലുള്ള ഇനിയെസ്റ്റ എന്ന മിഡ്ഫീൽഡ് ജനറൽ ഈ ലോകകപ്പോടെ കളി മതിയാക്കിയേക്കും. ബാഴ്സലോണയിൽ അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന് ഇനിയെസ്റ്റ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. 125 മത്സരങ്ങൾ ഈ മുപ്പത്തിനാലുകാരൻ സ്പെയിനിനായി കളിച്ചു. 14 ഗോളുകളും നേടി. 2010 ലോകകപ്പും 2008, 2012 യൂറോ കപ്പും നേടിയ സംഘത്തിലെ പ്രധാനിയാണ്.
ഇസ്കോ
ഇനിയേസ്റ്റയ്ക്കൊപ്പം മധ്യനിരയുടെ ചുക്കാൻ പിടിക്കുന്ന ഭാവനാസന്പന്നനായ താരം. ഈ ഇരുപത്താറുകാരൻ 27 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 10 ഗോൾ നേടിയിട്ടുണ്ട്. ഇസ്കോയ്ക്കും ഇനിയെസ്റ്റയ്ക്കുമൊപ്പം കോക്കെ, തിയാഗോ, മാർക്കോ അസെൻസിയോ എന്നിവരും മധ്യനിരയെ നിയന്ത്രിക്കാനുണ്ടാകും. ഇരുപത്തിയൊന്നുകാരനായ റോഡ്രി ഭാവി വാഗ്ദാനമാണ്.
ഡേവിഡ് ഡി ഗിയ
ലോകത്തിലെ ഒന്നാം നന്പർ ഗോളിയെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യനാണ് ഈ ഇരുപത്തിയേഴുകാരൻ. പെപെ റെയ്നയും ഗോളിമാരുടെ സംഘത്തിലുണ്ടാകും. മുപ്പത്തഞ്ചുകാരനായ റെയ്ന 36 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ലോപെതെഗുയി
ഒരു മത്സരത്തിൽ മാത്രം സ്പെയിനിന്റെ ഗോൾവല കാത്ത ജുലൻ ലോപെതെഗുയി ആണ് 2016 മുതൽ ടീമിന്റെ മാനേജർ. ജുലൻ പരിശീലകൻ ആയശേഷം സ്പെയിൻ തോൽവി അറിഞ്ഞിട്ടില്ല.