ഗ്രാന്റ്പിയർ
ലോകത്തെ ഒരേ ഒരു ഭാഗ്യവാനെ കാത്തിരിക്കുകയാണ് ഖത്തർ. ഓണം ബംബർ അടിച്ച ഭാഗ്യവാനെ പോലെ ഫിഫയുടെ ഫുട്ബോൾ മാമാങ്കത്തിന്റെ ബംബർ അടിക്കുന്ന ആ ഭാഗ്യവാൻ ആരെന്നറിയാൻ.
ലോകത്തിന്റെ ഏതോ കോണിലുള്ള ഭാഗ്യശാലിയായ ഒരു ഫുട്ബോള്‍ ആരാധകന് ഫിഫ 2022 ഖത്തര്‍ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണാന്‍ അവസരമൊരുക്കി സംഘാടകര്‍ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ത്രസിപ്പിക്കുകയാണ്.
ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ആ ഭാഗ്യവാനാകാൻ കൊതിയുണ്ടാകും. ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ എല്ലാ മല്‍സരങ്ങളും കാണാനുള്ള അമൂല്യമായയ സമ്മാനമാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി നല്‍കുന്നത്.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി തുടക്കമിട്ട എവരി ബ്യൂട്ടിഫുള്‍ ഗെയിം എന്ന പ്രത്യേക മത്സരത്തിലൂടെയാണ് എല്ലാ കളികളും കാണാനുള്ള ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആരാധകര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് 20 – 60 സെക്കൻഡ് ദൈര്‍ഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ അയയ്ക്കണം.
കുറഞ്ഞത് 21 വയസ്സ് പ്രായമുള്ള , ശാരീരിക ക്ഷമതയുള്ള, സോഷ്യല്‍ മീഡിയ കഴിവുകൾ, കാമറ കഴിവുകള്‍, ഇംഗ്ലീഷ് ഭാഷാസംഭാഷണ കഴിവുകള്‍ എന്നിവയുള്ളവരും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെ ലോകകപ്പില്‍ സംബന്ധിക്കാന്‍ ലഭ്യമായവരുമാകണം അപേക്ഷിക്കേണ്ടത്.
മത്സരങ്ങൾ നടക്കുന്ന എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലും ഖത്തര്‍ വാഗ്ദാനം ചെയ്യുന്ന അത്ഭുതകരമായ അനുഭവങ്ങൾ, അവരുടെ യാത്ര എന്നിവ പങ്കിടാനും പ്രദര്‍ശിപ്പിക്കാനും മികച്ച സോഷ്യല്‍ മീഡിയ കഴിവുകളുള്ള ഒരു ആരാധകനെ ഞങ്ങള്‍ തെരയുകയാണെന്ന് സംഘാടകർ പറയുന്നു.
ഈ ബംബർ സമ്മാനം അടിക്കുന്ന വിജയിക്ക് ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ്, നവംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെ ഒരാള്‍ക്ക് ദോഹയില്‍ ഹോട്ടല്‍ താമസം, എല്ലാ ദിവസവും പ്രധാന ഭക്ഷണം, എല്ലാ മത്സരങ്ങളിലേക്കും സൗജന്യ ഗതാഗതം, എല്ലാ മല്‍സരങ്ങള്‍ക്കുമുള്ള ഒരു ടിക്കറ്റ് എന്നിവ ലഭിക്കും.
വിജയിയെ ഓരോ മത്സരത്തിലും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയില്‍ നിന്നുള്ള ഒരു പ്രതിനിധിയും സോഷ്യല്‍ മീഡിയ ഇൻഫോർമർമാരും അനുഗമിക്കും.