ആശങ്ക വേണ്ട…നിങ്ങളുടെ പ്രിയകളിക്കാര് മൈതാനത്തുകൂടി പറപറക്കുമ്പോള് ചൂട് ഒരു വിഷയമേ ആവില്ല. ആ മരുഭൂമിയിൽ കൊടും ചൂടല്ലേ.
കളിക്കാർ ഉരുകി വീഴില്ലേ. നമ്മുടെ പ്രിയപ്പെട്ട നെയ്മറും മെസിയും ക്രിസ്റ്റ്യാനോയുമെല്ലാം ആ ചൂടിൽ ഉരുകിയൊലിക്കുമോ? തളർന്നു വീഴുമോ? ഒരു കാര്യം ശരിയാണ്.
ഖത്തർ മരുഭൂമിയാണ്, പക്ഷേ, ആശങ്ക വേണ്ട… നിങ്ങളുടെ പ്രിയകളിക്കാര് മൈതാനത്തുകൂടി പറപറക്കുമ്പോള് ചൂട് ഒരു വിഷയമേ ആവില്ല. ഖത്തറില് അതിന് പ്രതിവിധി ചെയ്തിട്ടുണ്ട്.
ഖത്തർ ചൂടിൽനിന്നു തണുപ്പിലേക്ക്
ജൂലൈയാണു ഖത്തറിലെ ഏറ്റവും ചൂടു കൂടിയ മാസം. അതുകൊണ്ടുതന്നെ ജൂൺ-ജൂലൈ മാസങ്ങളിൽ ഖത്തറിൽ ഫുട്ബോൾ കളിക്കുന്നതിനെ കുറിച്ചു ആലോചിക്കുകയേ വേണ്ട. നവംബർ ആകുമ്പോഴേക്കും ചൂടു കുറയുകയും തണുപ്പു വരാൻ തുടങ്ങുകയും ചെയ്യും.
ഖത്തറിൽ ശരത് കാലം നവംബറിൽ തീരുകയും ഡിസംബറോടെ ശൈത്യം തുടങ്ങുകയും ചെയ്യും. ചൂടിൽ നിന്നു തണുപ്പിലേക്ക് ഖത്തർ കടക്കുന്ന സമയത്താണു ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്.
നവംബറിൽ ഉയർന്ന താപനില 29.5 ഡിഗ്രി സെൽഷ്യസിലേക്കു കുറയും. ഇപ്പോൾ തന്നെ രാത്രി കാല ചൂട് 24 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നിട്ടുണ്ട്. ഡിസംബർ ആകുമ്പോഴേക്കും ഉയർന്ന താപനില 24.1 ഡിഗ്രി സെൽഷ്യസിലേക്കു താഴും.
ശരാശരി ചൂട് 18-24 ഡിഗ്രി സെൽഷ്യസ് ആകുമെങ്കിലും കടുത്ത ശൈത്യമുള്ള യൂറോപ്പിൽനിന്നു വരുന്ന താരങ്ങൾക്ക് ആ താപനിലയും അത്രയെളുപ്പം വഴങ്ങില്ല.
സ്റ്റേഡിയങ്ങള് കൂൾ
ലോകകപ്പ് സ്റ്റേഡിയങ്ങൾ തണുപ്പിക്കാനുള്ള പ്രത്യേക സംവിധാനം ഖത്തർ ആവിഷ്കരിച്ചുകഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കാൻ വേണ്ടി രാജ്യം തയാറെടുക്കുന്നതിനു മുൻപ്, 2009ൽ തന്നെ സ്റ്റേഡിയം തണുപ്പിക്കാനുള്ള സാങ്കേതിക വിദ്യയെ കുറിച്ചു ഖത്തർ ആലോചിച്ചു തുടങ്ങിയിരുന്നു.
പുറത്തെ കാലാവസ്ഥ എന്തു തന്നെയായാലും സ്റ്റേഡിയത്തിന് അകത്ത് ഫുട്ബോളിന് അനുയോജ്യമായ കാലാവസ്ഥ സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതിക സംവിധാനമാണു ഖത്തർ പ്രയോജനപ്പെടുത്തുന്നത്.
എല്ലാ സ്റ്റേഡിയങ്ങളിലും ഈ സാങ്കേതിക വിദ്യ സജ്ജമാക്കിയിട്ടുണ്ട്. ഏതു സമയത്തു വേണമെങ്കിലും സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കാണികൾക്കും തണുക്കാം…
ലോകകപ്പ് ഫുട്ബോളിന്റെ ഖത്തറിലെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും (എസ്സി) ഖത്തർ സർവകലാശാലയും ചേർന്ന് 2010ൽ മുതൽ ആരംഭിച്ച ശ്രമങ്ങൾക്ക് ഒടുവിലാണു രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ തണുക്കാൻ തുടങ്ങിയത്.
ഖത്തർ സർവകലാശാലയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം പ്രഫസർ ഡോ. സൗദ് അബ്ദുൽ അസീസ് അബ്ദുൽ ഗനിയായിരുന്നു ആ സാങ്കേതികവിദ്യയ്ക്കു പിന്നിലെ ഊർജതന്ത്രം.
ഒരേ സമയം, കളിക്കാർക്കും കാണികൾക്കും തണുത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്ന രീതിയിലാണു സ്റ്റേഡിയത്തിലെ എസി സംവിധാനം. മൈതാനം മുഴുവൻ ഓടി നടന്നു കളിക്കുന്ന കളിക്കാർക്ക് കാണികളേക്കാൾ കൂടുതൽ തണുപ്പു ലഭിക്കണം.
സ്റ്റേഡിയത്തിന്റെ ഓരോ മേഖലയിലും വ്യത്യസ്തമായ തണുപ്പു ലഭ്യമാക്കുകയെന്നതു തന്നെയായിരുന്നു സങ്കേതിക വിദഗ്ധർ നേരിട്ട വെല്ലുവിളി.മൈതാനത്ത് മൂന്നു മീറ്റർ ഉയരത്തിലും കാണികളിരിക്കുന്ന ഗാലറിയുടെ ഭാഗത്ത് രണ്ടു മീറ്റർ ഉയരത്തിലുമാണു തണുപ്പിക്കുന്നത്.
ബാക്കിയുള്ള ഭാഗത്തെ വായുവൊന്നും പ്രത്യേകിച്ചു തണുപ്പിക്കുന്നില്ല. ‘റീസർക്കുലേഷൻ’ എന്ന സാങ്കേതിക വിദ്യയിലാണു ശീതീകരണ സംവിധാനത്തിന്റെ പ്രവർത്തനം.
മൈതാനത്തും കാണികൾ ഇരിക്കുന്ന ഭാഗത്തും 21 ഡിഗ്രി സെൽഷ്യസായാണു താപനില നിയന്ത്രിക്കുക. മൈതാനത്തിൽ നിന്നുള്ള വായു വലിച്ചെടുക്കുകയും 7 ഡിഗ്രി താപനിലയിലുള്ള വെള്ളമുപയോഗിച്ചു തണുപ്പിച്ചു വീണ്ടും നൽകുകയും ചെയ്യുന്നു.
ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും. അങ്ങനെ മൈതാനത്തു നിശ്ചിത താപനില ക്രമീകരിക്കും. തണുത്ത വായുവിനു സാന്ദ്രത കൂടുതലായതിനാൽ അത് താഴെ തന്നെ നിൽക്കും. മുകളിൽനിന്ന് ചൂടു വായു താഴേക്കു വരികയുമില്ല.
മിസ്റ്റർ കൂൾ
ഖത്തറിലെ സ്റ്റേഡിയങ്ങൾ തണുപ്പിച്ച ഡോ. സൗദ് അബ്ദുൽ അസീസ് അബ്ദുൽ ഗനി അറിയപ്പെടുന്നതു തന്നെ ‘മിസ്റ്റർ കൂൾ’ എന്നാണ്. ഫോഡ് മോണ്ട്യോ കാറിനുള്ളിലെ ശീതീകരണ സംവിധാനങ്ങളെ കുറിച്ചാണു ഡോ. സൗദിന്റെ പിഎച്ച്ഡി പ്രബന്ധം. അന്നുമുതൽ തനിക്കു ചുറ്റിലും എങ്ങനെ തണുപ്പിക്കാമെന്നാണു സൗദ് ചിന്തിക്കുന്നത്.
അതുകൊണ്ടു തന്നെയാണ് ഖത്തറിലെ സ്റ്റേഡിയങ്ങൾക്കു വേണ്ടി നവീനമായ ഈ തണുപ്പിക്കൽ സംവിധാനം അദ്ദേഹം ആവിഷ്ക്കരിച്ചതും.ഒരു കാറിനകം എങ്ങനെ തണുപ്പിക്കുന്നുവെന്നതിനു സമാനമായ സംവിധാനം തന്നെയാണ് സ്റ്റേഡിയങ്ങളിലുമുള്ളതെന്ന് ഡോ. സൗദ് പറയുന്നു.