ദോഹ: ബ്രസീലിനെ ലോകകപ്പിൽ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന റിക്കാർഡ് സ്വന്തമാക്കി കാമറൂൺ . പ്രീ ക്വാർട്ടർ കടക്കാനായില്ലെങ്കിലും ബ്രസീലിനെ തോൽപ്പിച്ചെന്ന ആഹ്ലാദത്തോടെ കാമറൂണിന് മടങ്ങാം.
ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂൺ തോൽപ്പിച്ചത്.
ഇതോടെ 1998ന് ശേഷം ബ്രസീലിനെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും കാമറൂൺ നേടി. 1998ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ നോർവേയാണ് ഇതിനുമുമ്പ് ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിക്കുന്നത്.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകി ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീലിനെ ടിറ്റെ ഇറങ്ങിക്കയത്.
എന്നാൽ ആഫ്രിക്കൻ ടീമിനെ നിസാരമായി കണ്ട ബ്രസീലിന് പിഴച്ചു. കാമറൂണിന്റെ പ്രതിരോധത്തിൽ തട്ടി ബ്രസീൽ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു.
കളി സമനിലയിലേക്ക് നീങ്ങവേയാണ് ഇഞ്ചുറി ടൈമിൽ കാമറൂൺ സ്ട്രൈക്കർ വിൻസന്റ് അബൗബക്കറുടെ ഗോളെത്തുന്നത്.
എന്‍ഗോം എംബെക്കെല്ലിയുടെ തകര്‍പ്പന്‍ ക്രോസിന് മനോഹരമായി തലവെച്ചുകൊണ്ട് അബൗബക്കർ വലകുലുക്കി. ജഴ്സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തായി.
തോല്‍വി വഴങ്ങിയിട്ടും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലൻഡും അവസാന പതിനാറിൽ കടന്നു.