കോട്ടയം: സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വരുമാനം വർധിപ്പിക്കാനായി സർക്കാർ തുടങ്ങിയ ഞായർ ലോട്ടറിയായ ഫിഫ്റ്റി ഫിഫ്റ്റി വേണ്ടെന്ന് ഒരുവിഭാഗം തൊഴിലാളികൾ.
ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിക്കുന്നതിനായി സർക്കാർ കൊണ്ടുവരുന്നതാണ് ഞായർ ലോട്ടറിയെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
ഇതിനിടെ ഇന്നലെ സംസ്ഥാനത്തെ ലോട്ടറി മൊത്തവിതരണ കേന്ദ്രങ്ങളിൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകൾ വിൽപനയ്ക്കെത്തി. 50 രൂപയാണ് ടിക്കറ്റിന്റെ വില.
ഒരു കോടി രൂപ ഒന്നാം സമ്മാനവും 10 ലക്ഷം രൂപ രണ്ടാം സമ്മാനവുമുണ്ട്. 29നാണ് ആദ്യ നറുക്കെടുപ്പ്. ഒരു ബുക്കിൽ 25 ടിക്കറ്റിനു പകരം 10 ടിക്കറ്റാണു പുതിയ ലോട്ടറിയിലുള്ളത്.
സമ്മാനങ്ങളുടെ തുകയും ഏജൻസി ഡിസ്കൗണ്ടും മറ്റു ലോട്ടറികളേക്കാൾ കൂടുതലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധന മന്ത്രി കെ.എൻ. ബാലഗോപാലാണ് പുതിയ ലോട്ടറി ടിക്കറ്റിന്റെ വിൽപന ഉദ്ഘാടനം ചെയ്തത്.
ആഴ്ചയിൽ എല്ലാ ദിവസവും ലോട്ടറി വിൽക്കുന്ന തൊഴിലാളികൾ ആഴ്ചയുടെ ആദ്യദിനമായ ഞായറാഴ്ചയാണ് വിശ്രമിക്കുന്നത്.
ഈ ദിവസം പുതിയ ലോട്ടറി അടിച്ചേൽപ്പിക്കുന്നത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും കൂടിയാലോചനകളില്ലാതെ നടപ്പിലാക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി പിൻവലിക്കണമെന്നും ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
ഞായർ ലോട്ടറി സർക്കാരിന്റെ പരീക്ഷണമാണെന്നും ഭാവിയിൽ 50 രൂപ എല്ലാ ലോട്ടറി ടിക്കറ്റിനും ആക്കുന്നതിനായിട്ടാണ് ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ 50 രൂപ ലോട്ടറി ഇറക്കിയിരിക്കുന്നതെന്നും ആരോപണമുണ്ട്.
തിങ്കൾ മുതൽ ശനി വരെ യഥാക്രമം വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ലസ്, നിർമൽ, കാരുണ്യ എന്നീ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
നേരത്തെ ഞായറാഴ്ചയും ലോട്ടറിയുണ്ടായിരുന്നു. കോവിഡും വാരാന്ത്യ ലോക്ഡൗണും മൂലം പിന്നീട് ഞായർ ലോട്ടറി നിർത്തി.
കേരള ലോട്ടറിയെ ഉപയോഗിച്ച് ഓണ്ലൈനിലടക്കം നിരവധി തട്ടിപ്പുകൾ നടന്നുവരുന്നത് ഗൗരവമായി പരിശോധിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചത് ലോട്ടറി മേഖലയ്ക്ക് ആശ്വാസമായിട്ടുണ്ട്.
കേരള ലോട്ടറിയുടെ ആകർഷണീയത ഉപയോഗിച്ചാണ് തട്ടിപ്പ് ഏറെയും നടക്കുന്നത്. ഒരേ നന്പർ ഒന്നിച്ചു കെട്ടാക്കി ടിക്കറ്റുകൾ വിൽപന നടത്തുന്നതും തടയുമെന്നും മന്ത്രി അറിയിച്ചു.
കർശന നടപടിയെടുക്കാനാണ് ലോട്ടറി വകുപ്പിന് മന്ത്രി നിർദേശംനൽകിയിരിക്കുന്നത്.ലോട്ടറിയടിക്കുന്നവർക്കും തുക കൈകാര്യംചെയ്യുന്നതു സംബന്ധിച്ച പരിശീലനം നൽകാനും ലോട്ടറി വകുപ്പ് ആലോചിക്കുന്നുണ്ട്.
ഇതിനിടയിൽ വിഷു ബംബറിന് റിക്കാർഡ് കച്ചടമാണ് നടക്കുന്നത്. ഇതുവരെ 38 ലക്ഷം ടിക്കറ്റുകൾ വിറ്റു. 42 ലക്ഷം ടിക്കറ്റാണ് ആകെ അച്ചടിച്ചത്. ഒരാഴ്ചകൂടി വിൽപന നടത്തും.