ഒട്ടാവ: യാത്രക്കാർക്കിടയിൽ പെട്ടെന്നുണ്ടായ സംഘർഷത്തെ തുടർന്നു പൈലറ്റ് വിമാനത്തിന്റെ വഴി തിരിച്ചുവിട്ടു. കാനഡയിലെ ടൊറന്റോയിൽനിന്നു കാൽഗറിക്കു പോവുകയായിരുന്ന എയർ കാനഡ ഫ്ലൈറ്റ് 137 ൽ ഞായറാഴ്ചയായിരുന്നു സംഭവം.
ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് വിമാനം വഴിതിരിച്ചുവിടുകയാണെന്ന അറിയിപ്പ് വിന്നിപെഗ് റിച്ചാർഡ്സൺ ഇന്റർനാഷണൽ എയർപോർട്ടിന് ലഭിച്ചത്. യാത്രയ്ക്കിടെ ഗ്രാൻഡെ പ്രേരിയിൽനിന്നുള്ള 16 കാരൻ കുടുബാംഗമായ മധ്യവയസ്കനെ മർദിക്കുകയായിരുന്നു.
സംഘർഷത്തിലേക്കു നയിച്ച കാരണമെന്തെന്നു വ്യക്തമല്ല. വിമാനജീവനക്കാരും സഹയാത്രികരും ചേർന്ന് വളരെ പണിപെട്ടാണ് 16 കാരനെ തടഞ്ഞതെന്ന് എയർലൈൻ അധികൃതർ പറയുന്നു.
പരിക്കേറ്റ മധ്യവയസ്കന് പ്രാഥമിക ചികിത്സ നൽകി. കുട്ടിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിമാനം വഴിതിരിച്ചു വിട്ടതിനാൽ കാൽഗറിയിലേക്കുള്ള യാത്ര മൂന്നു മണിക്കൂർ വൈകി.