തൊടുപുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിന്റെ വീട്ടിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പതിപ്പിള്ളി സൂര്യകുന്നേല്‍ പ്രേംജിത്തി(37) നെ ആണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റു ചെയ്തത്. മൂലമറ്റം പതിപ്പിള്ളിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. പിഞ്ചുകുഞ്ഞടക്കം അഞ്ച് കുട്ടികളും മൂന്നു സ്ത്രീകളും വീട്ടിലുള്ളപ്പോഴായിരുന്നു പ്രതിയുടെ അതിക്രമം.
ഭാര്യയുമായുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായി ഭാര്യയുടെ വീട്ടിലേക്ക് ജീപ്പ് ഇടിച്ചുകയറ്റിയത്. വീടിന്റെ സിറ്റൗട്ടും വാതിലും ജനലുകളും തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ട് അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.
സംഭവം നടന്ന വീടിന് 150 മീറ്റര്‍ അകലെയുള്ള വീട്ടിലാണ് പ്രേംജിത്ത് താമസിക്കുന്നത്.
ഇവിടെവച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും പേടിച്ച് കരഞ്ഞ ഇളയകുട്ടിയെ മര്‍ദിക്കുകയും ചെയ്തു. ഭയന്ന ഭാര്യ മൂന്ന് ചെറിയ കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. വൈകാതെ പ്രേംജിത്ത് ഇവിടെയുമെത്തി പ്രശ്നമുണ്ടാക്കി. ഭാര്യയുടെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ഭാര്യാമാതാവിനെ മർദിക്കുകയും ചെയ്തു. ഭാര്യാസഹോദരിയേയും ആക്രമിക്കാന്‍ ശ്രമിച്ചു. കൊല്ലുമെന്ന് ഭീഷണി മുഴക്കിയായിരുന്നു ആക്രമണം. മൂന്നു തവണ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്ത് വാതില്‍ ഇടിച്ചു പൊളിച്ചു.
ബഹളം കേട്ട് ആളുകളെത്തിയങ്കെിലും അസഭ്യവര്‍ഷവുമായി ഇയാള്‍ വീടിന് മുന്നില്‍നിന്നു. പോലീസെത്തിയാണ് ഇയാളെ പിടികൂടിയത്. കൊലപാതകശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വീടിനു നാശനഷ്ടം വരുത്തല്‍ എന്നിവ ഉള്‍പ്പെടെയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ രാവിലെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കാഞ്ഞാര്‍ എസ്എച്ച്ഒ ഇ.കെ. സോള്‍ജിമോന്‍ പറഞ്ഞു. ഇതിനു മുമ്പും ഇയാള്‍ ഈ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയിട്ടുണ്ട്. തോക്കുമായെത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും വിവരമുണ്ട്.