ലൗസാനെ (സ്വിറ്റ്സർലൻഡ്): അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) 2020-2021 സീസണ് പുരസ്കാര വേദിയിൽ സർവം ഇന്ത്യൻ മയം. ടോക്കിയോ ഒളിന്പിക്സിലെ കീർത്തി പുരസ്കാര വേദിയിലും ഇന്ത്യ തുടർന്നു എന്ന അടിക്കുറിപ്പോടെയാണ് എഫ്ഐഎച്ച് അവാർഡ് പ്രഖ്യാപിച്ചത്.
പുരുഷ-വനിതാ വിഭാഗങ്ങളിലായി ആകെയുള്ള എട്ട് പുരസ്കാരങ്ങളിൽ എട്ടും ഇന്ത്യ സ്വന്തമാക്കി. മികച്ച ഗോൾ കീപ്പറിനുള്ള പുരസ്കാരം മലയാളിയും ഇന്ത്യയെ ടോക്കിയോ ഒളിന്പിക്സ് വെങ്കലത്തിലേക്കു നയിച്ചതിൽ നിർണായക പങ്കുവഹിച്ച താരവുമായ പി.ആർ. ശ്രീജേഷ് സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു മലയാളി താരം എഫ്ഐഎച്ച് പുരസ്കാരം സ്വന്തമാക്കുന്നത്.
2014ൽ മികച്ച ഗോൾ കീപ്പറിനുള്ള പുരസ്കാരപ്പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ശ്രീജേഷിനെ പിന്തള്ളി ഹോളണ്ടിന്റെ ജാപ് സ്റ്റോക്മാൻ അവാർഡ് സ്വന്തമാക്കി. 2016ലും ശ്രീജേഷ് ഗോൾ കീപ്പർ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു.
58.34 പോയിന്റ് സ്വന്തമാക്കി ശ്രീജേഷ് മികച്ച ഗോൾ കീപ്പർ പുരസ്കാരത്തിൽ മുത്തമിട്ടു. ബെൽജിയത്തിന്റെ വിൻസെന്റ് വനാഹ് (34.40), ഓസ്ട്രേലിയയുടെ ആൻഡ്രൂ ചാർട്ടർ (7.26) എന്നിവരെയാണു ശ്രീജേഷ് പിന്തള്ളിയത്.
ഹർമൻപ്രീത്, ഗുർജിത്
ഇന്ത്യയുടെ ഡ്രാഗ് ഫ്ളിക്കർമാരായ ഹർമൻപ്രീത് സിംഗ് പുരുഷ വിഭാഗത്തിലും ഗുർജിത് കൗർ വനിതാ വിഭാഗത്തിലും മികച്ച താരങ്ങൾക്കുള്ള പുരസ്കാരം നേടി. ഹർമൻപ്രീത് 52.11ഉം ഗുർജിത് കൗർ 46.63ഉം പോയിന്റ് നേടി.
ബെൽജിയം താരങ്ങളാണ് ഇരു വിഭാഗത്തിലും രണ്ടാം സ്ഥാനത്ത്. മികച്ച വനിതാ ഗോൾകീപ്പർക്കുള്ള പുരസ്കാരം ഇന്ത്യയുടെ സവിത പുനിയയ്ക്കാണ്. \
മികച്ച യുവതാരങ്ങൾക്കുള്ള പുരസ്കാരവും ഇന്ത്യക്കാർ സ്വന്തമാക്കി. ഇരുപത്തൊന്നുകാരൻ വിവേക് പ്രസാദും പത്തൊന്പതുകാരിയായ ശർമിള ദേവിയുമാണു മികച്ച യുവതാരങ്ങൾ. മികച്ച പരിശീലകർക്കുള്ള പുരസ്കാരം ഇന്ത്യൻ പരിശീലകരായിരുന്ന ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോർദ് മാരിനും (വനിതാ ടീം) സ്വന്തമാക്കി.
ടോക്കിയോ ഒളിന്പിക്സിൽ ചരിത്രനേട്ടമാണ് ഇന്ത്യൻ ഹോക്കി ടീമുകൾ സ്വന്തമാക്കിയത്. പുരുഷ ടീം 41 വർഷത്തെ ഒളിന്പിക് മെഡൽ കാത്തിരിപ്പ് അവസാനിപ്പിച്ച് വെങ്കല മെഡൽ സ്വന്തമാക്കിയപ്പോൾ വനിതാ ടീം സെമിയിൽ കടന്ന് നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
ചക്ദേ ഇന്ത്യ
ചരിത്രത്തിൽ ആദ്യമായാണ് എഫ്ഐഎച്ച് പുരസ്കാരം മുഴുവൻ ഒരു രാജ്യം സ്വന്തമാക്കുന്നത്. മികച്ച പുരുഷ-വനിതാ താരങ്ങൾ, മികച്ച പുരുഷ-വനിതാ ഗോൾ കീപ്പർമാർ, പുരുഷ-വനിതാ യുവ താരങ്ങൾ, പുരുഷ-വനിതാ ടീം പരിശീലകർ പുരസ്കാരങ്ങളാണ് എഫ്ഐഎച്ച് ഓരോ സീസണിലും നൽകി വരുന്നത്.
മികച്ച പുരുഷ താരം (മൻപ്രീത് സിംഗ്), മികച്ച യുവതാരങ്ങൾ (വിവേദ് പ്രസാദ്, ലാൽറെംസിയാമി) എന്നിങ്ങനെ 2019-20 സീസണിൽ ഇന്ത്യ മൂന്ന് പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ബെൽജിയത്തിന് അതൃപ്തി
എഫ്ഐഎച്ച് പുരസ്കാരം ഇന്ത്യൻ താരങ്ങൾ വാരിക്കൂട്ടിയതോടെ വെറുംകൈയോടെ മടങ്ങേണ്ടിവന്ന ബെൽജിയം അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത്. പുരസ്കാരം നൽകുന്ന രീതിയിൽ മാറ്റംവരുത്തണമെന്നാണു ബെൽജിയത്തിന്റെ ആവശ്യം. വോട്ടെടുപ്പിലൂടെയാണു പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു ഇത്തവണത്തെ വോട്ടിംഗ്. ദേശീയ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ക്യാപ്റ്റൻമാരും പരിശീലകരും വോട്ടിംഗിൽ പങ്കെടുത്തു. കളിക്കാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവരും വോട്ടിംഗിൽ പങ്കെടുത്തിരുന്നു.
ചരിത്രത്തിൽ ആദ്യമായി മൂന്നു ലക്ഷം ആരാധകർ ഇത്തവണ വോട്ടിംഗിൽ പങ്കെടുത്തു. ഇന്ത്യൻ ആരാധകരാണു മഹാഭൂരിപക്ഷവും വോട്ട് രേഖപ്പെടുത്തിയത്.