പി. ജയകൃഷ്ണന്
കണ്ണൂര്‍: എച്ചൂരില്‍ കൂലിവേല ചെയ്ത് കുടുംബത്തെ പോറ്റുന്ന ഒരു യുവാവ് മരിച്ചിട്ട് ഇന്ന് 20 ദിവസം തികയുന്നു. കൊലപാതകമാണോ സാധാരണ മരണമാണോ എന്ന് ഇനിയും ഉറപ്പിച്ച് പറയാനായിട്ടില്ല. അന്വേഷണം മുന്നോട്ട് പോകുംതോറും കൊലപാതക സാധ്യതയിലേക്ക് തന്നെയാണ് അന്വേഷണസംഘവും സഞ്ചരിക്കുന്നത്.
പോസ്റ്റുമോര്‍ട്ടം ചെയ്ത സര്ജന് തന്നെ മരണത്തില്‍ സംശയം ഉന്നയിച്ചതിനാൽ ഒരു സാധാരണ മരണമല്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫിനോജിന്റെ കൈകളിൽ നിന്നും ലഭിച്ച മുടി നിർണായക തെളിവായി മാറുമോയെന്നും അന്വേഷണസംഘം കാത്തിരിക്കുകയാണ്.
നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ. ഫിനോജി (43) ന്റെ മരണമാണ് ഒരു നാടിനെയാകെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 22 നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്.
കുഴഞ്ഞു വീണതായിരിക്കാം എന്നാണ് ആദ്യം പലരും കരുതിയത്. കാരണം ദുരൂഹതയ്ക്കുള്ള മുറിവോ, അടിപിടി കൂടിയതിന്റെ ലക്ഷണങ്ങളോ അവിടെ കാണാനില്ലായിരുന്നു. തലേന്നു രാത്രി പെയ്ത ശക്തമായ മഴയും ഇവിടെ വില്ലനായിരിക്കാം.
ങ്കിലും സംഭവത്തില്‍ ദുരൂഹത ഉണ്ടാകാമെന്ന സംശയത്തില്‍ മൃതദേഹം കണ്ട ദിവസം തന്നെ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
വഴിത്തിരിവായി പോസ്റ്റുമോര്‍ട്ടം
സ്വാഭാവികമായി യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിന്റെ മൃതദേഹം കണ്ടത്. ദൂരൂഹതയ്ക്ക് വഴിവയ്ക്കുന്ന ഒരു ലക്ഷണവും സംഭവ സ്ഥലത്തോ മൃതദേഹത്തിലോ കാണാനില്ലായിരുന്നു എന്നതാണ് സത്യം.
സംഭവസ്ഥലത്തെത്തിയ നാട്ടുകാരും സുഹൃത്തുക്കളും മാത്രമല്ല പോലീസുംവരെ ഇക്കാര്യം സമ്മതിക്കുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് സ്വാഭാവിക മരണമല്ലെന്ന് വ്യക്തമായത്.
പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. എസ്.ഗോപാലകൃഷ്ണപിള്ള ശരീരത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണം ഉള്ളതായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന സംശയം ബലപെട്ടത്. മൃതദേഹം കിടന്ന സ്ഥലം ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു
തെളിവുകൾ ശേഖരിച്ചു, എങ്കിലും…
കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്, ചക്കരക്കല്‍ സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ മികച്ച അന്വേഷണ ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇതിനകം തന്നെ പരമാവധി തെളിവുകള്‍ ശേഖരിച്ചു. എങ്കിലും ഇതിനുപിന്നില്‍ ആരാണെന്നുള്ള വ്യക്തമായ സൂചന ഇതുവരെ പോലീസിന് ലഭിച്ചില്ല. കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസും.
ഇതിനിടെ സംഭവ സമയത്തോ അതിനു ശേഷമോ പോലീസോ നാട്ടുകാരോ കാണാതിരുന്ന ഫിനോജിന്റെ ബൈക്കിന്റെ ചാവി പിന്നീട് അവിടെനിന്ന് കണ്ടെത്തിയതായും പറയുന്നു. എന്നാല്‍ രാഷ്ട്രീയമായോ മറ്റോ ഫിനോജിന് നാട്ടിലോ മറ്റോ ശത്രുകളില്ലെന്നാണ് ഇതുവരെ ലഭിച്ച സൂചന.
ഒരു പ്രമുഖ പാര്‍ട്ടിയുടെ ഭാഗമായ ഫിനോജും സംഘവും വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞതായി പറയുന്നു. ആ ഘട്ടത്തില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രാഷ്ട്രീയപരമായി ആരുമായും ശത്രുതയില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാര്യവും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.
കൃഷിയും മറ്റും നടത്തുന്ന 20 അംഗങ്ങളടങ്ങിയ സംഘമായ ഏച്ചൂര്‍ എസ്പി ടീമിലെ ഒരംഗമാണ് ഫിനോജ് എന്നു പറയുന്നു. കൃഷി പ്രവൃത്തി കഴിഞ്ഞു മറ്റും വിശ്രമിക്കാനായി ഈ ഇരുപതംഗ സംഘം ലോക്ഡൗണ്‍ കാലത്ത് വയലില്‍ ഒരു ഷെഡും നിര്‍മിച്ചിരുന്നു. ഇത് പൊളിച്ചതുമായി ബന്ധപെട്ട പ്രശ്നവും പോലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്.
നിർണായക തെളിവായി തലമുടി
കൊലപാതകമെന്ന സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ തെളിവായി ലഭിച്ച തലമുടി അന്വേഷണത്തില്‍ വഴിത്തിരിവാകുന്നതായാണ് സൂചന. മരണപ്പെട്ട ഫിനോജിന്റെ കൈയില്‍ നിന്നാണ് മറ്റൊരാളുടെ തലയിലെ മുടി കണ്ടെത്തിയത്.
ഇത് ആരുടേതാണെന്നുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചതായും അറിയുന്നു. ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എല്ലാം തലനാരിഴകീറി പരിശോധിക്കുകയാണ് അന്വേഷണ സംഘം. കാര്യമായി സംശയിക്കുന്ന ചിലരുടെ തലമുടികളുടെ സാമ്പിളെടുത്ത് അന്വേഷണസംഘം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത്തരക്കാരുടെ ഫോണ്‍ കോളുകളും പരിശോധിച്ചിരുന്നു.
10 മിനിറ്റിനുള്ളിൽ മരണം
ഫിനോജ് മരിക്കുന്നതിന് മുമ്പ് ഞായറാഴ്ച രാത്രി പത്തിന് സംഭവ സ്ഥലത്തിന് സമീപത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങിയതായി മൊഴിയുണ്ട്. പിന്നീട് 10 മിനിറ്റിനകമാണ് ഫിനോജ് മരണപെടുന്നത്.
പുതുക്കി പണിത ഷെഡ് വീണ്ടും ആരെങ്കിലും തകര്‍ത്തോ എന്നറിയാനാകാം വീണ്ടും ഫിനോജ് വയലില്‍ വന്നതെന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രി 8.45 ന് വീട്ടില്‍നിന്നും ഇറങ്ങിയ ഫിനോജ് വീട്ടിലേക്ക് തിരിച്ചു പോയിട്ടില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കാണുന്നത്.
ആ സമയം വയലില്‍ ആരെല്ലോ ഉണ്ടായിരുന്നു എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കേസിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.