ഏറ്റൂമാനൂർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ദന്പതികൾക്കെതിരേ കൂടുതൽ കേസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 17 കേസുകൾ നിലവിലുള്ളതായി ഇതുവരെ വ്യക്തമായതായി ഏറ്റുമാനൂർ പോലീസ് പറഞ്ഞു.
മിക്കതും സൈബർ കേസുകളാണ്. തിരുവനന്തപുരം സൈബർ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. കൂടാതെ ഏറ്റുമാനൂർ കോടതിയിൽ ചെക്ക് കേസ്, മരട് സറ്റേഷനിൽ മാനനഷ്ടകേസ് എന്നിവ നിലവിലുണ്ട്. പി.സി.ജോർജ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം നടത്തി വരുന്നു. പാലാ മജിസ്ട്രേട്ട് ഇവർക്കെതിരേ നേരിട്ട് കേസെടുത്തിട്ടുണ്ട്. ഇനിയം കൂടുതൽ പരാതികൾ ലഭിച്ചേക്കുമെന്ന് പോലീസ്.
തട്ടിപ്പുകാരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്ന് ചിലർ ഫോണിൽ പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാരുടെ ഏറ്റുമാനൂരിലെ കണ്‍സൾട്ടൻസി ഓഫീസ് ഇന്നു പരിശോധിച്ച് രേഖകൾ കസറ്റഡിയിലെടുക്കും.
ബഹ്റിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് ഡോക്ടർ ദന്പതിമാരുടെയും ബന്ധുവിന്റെയും പക്കൽ നിന്നും ഒന്‍പതര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഏറ്റുമാനൂർ തോപ്പിൽ ഹരീഷ് (50), ഭാര്യ ഫിജോ ജോസഫ് (34) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒന്നാം പ്രതി ഇവരുടെ ബന്ധുവായ അജിത് ജോർജ് ഒളിവിലാണ്. പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരുടെ പക്കൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒൻപതര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവർ വാഹന വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് വഴിയാണ് ഇരകളുമായി പരിചയത്തിലാകുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനം ലഭിക്കുന്നതിനായും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനായും ഫിജോ ഓണ്‍ലൈൻ മാധ്യമപ്രവർത്തക എന്ന നിലയിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്നു. അതിനായി ഇവരുടെ ബന്ധു അജിത്ത് ജോർജ് കെ എസ് ആർ ടി സിക്ക് സമീപം ഫോർ ലൈൻ കണ്‍സൾട്ടൻസി എന്ന പേരിലും സ്ഥാപനം നടത്തിയിരുന്നു.
ഹരീഷ് വിവിധ സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. കേസിൽ കുടുതൽ പരാതികൾ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. ഒളിവിലായ പ്രതിക്ക് വേണ്ടി പോലീസ് ഉൗർജിതമായ അന്വേഷണം ആരംഭിച്ചു.
ഫിജോ മുൻപ് പോലീസ് സ്റ്റേഷന് മുൻപിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളുമുണ്ട്. പിടിയിലായതിന് ശേഷവും ഫെയ്സ് ബുക്കിൽ ഭീഷണിയുടെ സ്വരത്തിൽ ഫിജോ പോസ്റ്റ് ഇട്ടത് വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.