ഏറ്റൂമാനൂർ: ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിൽ ജോലി വാഗ്ദാനം ചെയ്തു ഡോക്ടർ ദന്പതിമാരുടെയും ബന്ധുവിന്റെയും ഒന്‍പതര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ ദന്പതികളും ഇവരുടെ ബന്ധുവും ചേർന്ന് നടത്തിയിരുന്ന സ്ഥാപനങ്ങൾക്കെതിരേ പരാതിയുമായി കൂടുതൽ ആളുകൾ രംഗത്ത്. പ്രതികളെ തുടരന്വേഷണത്തിനു വിട്ടുകിട്ടുന്നതിനായി ഏറ്റുമാനൂർ പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഏറ്റുമാനൂർ സ്വദേശികളായ തോപ്പിൽ ഫിജോ ജോസഫ് (34), ഇവരുടെ ഭർത്താവ് ഹാരിഷ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഇവരുടെ ബന്ധുവായ അജിത് ജോർജ് ഒളിവിലാണ്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഒന്നര ലക്ഷം രൂപ വീതം തട്ടിയെടുത്തെന്ന പരാതിയിൽ കൊല്ലം, ആലുവ സ്വദേശികളാണ് ഇന്നലെ ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നല്‍കിയത്.
കുറവിലങ്ങാട് നടന്ന മറ്റൊരു കേസിൽ സംഭവ സ്ഥലത്തു പ്രച്ഛന്നവേഷം കെട്ടി ഫിജോ എത്തി തെളിവെടുപ്പിനിടെ പോലീസിനൊപ്പം നിരോധിത മേഖലയിലേക്കു കടക്കാൻ ശ്രമിച്ചിരുന്നു. അന്ന് അത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇവരെ തടഞ്ഞിരുന്നു. മാത്രമല്ല അന്ന് ഇവർ എത്തിയ ഇന്നോവ കാറിന്റെ നന്പർ ഒരു ലോറിയുടേതായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.