കോലഞ്ചേരി: കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിലുള്ള സിസിഎം ഫ്യുവൽസ് പെട്രോൾ പമ്പിന്റെ (ഭാരത് പെട്രോളിയം) ഓഫീസ് മുറിക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ 4.15 നാണ് തീപിടിത്തം ഉണ്ടായത്.
പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽനിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂർണമായും അണച്ചത്. റൂമിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളും മറ്റു സാധനസാമഗ്രികളും കത്തിനശിച്ചിരുന്നു.
കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പട്ടിമറ്റം സ്റ്റേഷൻ ഓഫീസർ മുനവ്വർ ഉസ്മാന്റെനേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘങ്ങളാണ് സംഭവ സ്ഥലത്ത് പ്രവർത്തിച്ചത്.
തീപിടിക്കുവാനുള്ള കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ല. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
കൊച്ചി ധനുഷ്കോടി ദേശീയ പാതയോട് ചേർന്നുള്ള പമ്പിൽ രാവിലെ ചൂണ്ടയിടാൻ പോയ ബൈക്ക് യാത്രികരാണ് സംഭവം കണ്ടത്.
ഉടൻ തന്നെ ഇവർ പുത്തൻകുരിശ് പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഫയർഫോഴ്സിനെ വിളിക്കുകയുമായിരുന്നു.
ഓഫീസിനകത്തെ സിസിടിവി യൂണിറ്റ്, എഞ്ചിൻ ഓയിലുകൾ, എഞ്ചിൻ കൂളന്റുകൾ എന്നിവയും ഓഫീസ് രേഖകളും കത്തി നശിച്ചു.
5 ലിറ്റർ ഗ്യാസ് സിലിണ്ടർ കുറ്റികളും ഇതിനോട് ചേർന്ന് ഉണ്ടായിരുന്നെങ്കിലും ഇവയ്ക്കു തീപിടിച്ചില്ല.