കൊല്ലം: കുട്ടികളിൽ മന്തുരോഗ പകർച്ച സാധ്യതയുണ്ടോയെന്നറിയാനായി സ്കൂളുകൾ കേന്ദ്രീകരിച്ച് ട്രാൻസ്മിഷൻ അസെസ്മെൻറ് സർവ്വെ (ടാസ്) എന്ന പേരിൽ രക്ത പരിശോധന തുടങ്ങി. ജില്ലയിൽ തിരഞ്ഞെടുത്ത മുപ്പത് സ്കൂളുകളിലെ ഒന്നിലും രണ്ടിലും പഠിക്കുന്ന 3112 വിദ്യാർത്ഥികളിലാണ് പരിശോധന നടത്തുന്നത്.
കുട്ടികൾക്കിടയിൽ നിശ്ചിത മാനദണ്ഡത്തിൽ കൂടുതൽ മന്ത് രോഗം കണ്ടെത്തിയാൽ നേരത്തെ നിർത്തിവച്ച സമൂഹ മന്ത് രോഗ ചികിത്സ വരുന്ന രണ്ടു വർഷം കൂടി ആളുകൾക്കിടയിൽ നടത്തേണ്ടി വരും. രോഗ പകർച്ചയില്ലെങ്കിൽ കൊല്ലം, കോട്ടയം ജില്ലകളെ മന്തുരോഗ വിമുക്ത ജില്ലകളായി പ്രഖ്യാപിക്കും.
ലോകാരോഗ്യ സംഘടനയും കേന്ദ്ര സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ചേർന്നു നടത്തുന്ന പരിശോധന നാലുവരെയുണ്ടാകും. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ആന്റിജെൻ ടെസ്റ്റിനായിട്ടുള്ള കിറ്റുൾപ്പെടെ ഒരു കുട്ടിക്ക് 1200 രൂപ വരെയാണ് മന്ത് രോഗ പരിശോധനക്കായി ചെലവഴിക്കുന്നത്. ജൂൺ മാസത്തിൽ മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഇതേ പരിശോധന ആരോഗ്യ വകുപ്പ് നടത്തും.
സ്കൂളുകളിൽ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ബോധവത്ക്കരണം നടത്തിയ ശേഷമാണ് പരിശോധന നടത്തുന്നത്. അടുത്തിടെ സംസ്ഥാനത്ത് അന്യ ദേശ തൊഴിലാളികൾക്കിടയിലും മറ്റും മന്ത് രോഗം കണ്ടെത്തിയിരുന്നു. ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊല്ലം ഉളിയക്കോവിൽ എൽ.പി. സ്കൂളിലും വാടി സെൻറ് ആൻറണീസ് യൂ.പി.സ്കൂളിലും വിദ്യാർത്ഥികളിൽ രക്ത പരിശോധന നടത്തി.