കൊച്ചി: ഹൈക്കോടതിയിൽനിന്നു കേസ് ഫയൽ കാണാതാവുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം പാലക്കാട്ടെ 70 ഏക്കർ പാടശേഖരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അപ്പീലിന്റെ ഫയൽ കാണാതായതിൽ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിർദേശിച്ച അന്വേഷണം തുടരുകയാണ്. ഇതിനിടെയാണു മലബാർ സിമന്റ്സിലെ കേസ് ഫയൽ കാണാതായത്. പാടശേഖരത്തിന്റെ ഉടമസ്ഥാവകാശത്തർക്കത്തിൽ പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിനെതിരെ പാലക്കാട് പൊൽപ്പുള്ളി സ്വദേശിയായ കണ്ടുമുത്തൻ നൽകിയ അപ്പീലിന്റെ ഫയലുകളാണു കാണാതായത്.
2016 ഫെബ്രുവരിയിൽ നൽകിയ അപ്പീൽ വേഗം പരിഗണിക്കാനായി അപേക്ഷ നൽകിയിട്ടും ബെഞ്ചിൽ വരാത്തതിനെത്തുടർന്നു കണ്ടുമുത്തൻ നൽകിയ പരാതിയിൽ ഹൈക്കോടതി അധികൃതരാണു ഫയലുകൾ കാണാതായെന്നു കണ്ടെത്തിയത്. തുടർന്നു പുതിയ ഫയൽ ക്രമീകരിച്ച് ഡിവിഷൻ ബെഞ്ചിലെത്തിച്ചു. പിന്നീട്, ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണത്തിനു നിർദേശിച്ചു.
ഇതിനിടെയാണ് പാലക്കാട് മലബാർ സിമന്റ്സ് അഴിമതിക്കേസിലെ ഫയലുകൾ കാണാതായത്. പാടശേഖരത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അപ്പീൽ ഹർജി മേയ് 25 ന് മുൻ ചീഫ് ജസ്റ്റിസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയിരുന്നു.
മലബാർ സിമന്റ്സിലെ അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുടെ ഫയലുകൾ ഹൈക്കോടതിയിൽനിന്നു കാണാതായ സംഭവത്തിൽ ഹൈക്കോടതിയിലെ വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കണമെന്നാണു സിംഗിൾ ബെഞ്ച് നിർദേശം നൽകിയിട്ടുള്ളത്.
കേസ് ഫയൽ കാണാതായ സംഭവം ആസൂത്രിതമാണെന്നും ഇതു നീതിയുടെ ദേവലായത്തിൽ അനുവദിക്കാനാവില്ലെന്നും ജസ്റ്റീസ് ബി. സുധീന്ദ്ര കുമാറിന്റെ ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയുടെ സുരക്ഷ അപകടത്തിലാണെന്ന് ഇതിൽനിന്നു വ്യക്തമാകുന്നു. ആശങ്കയ്ക്ക് ഇടനൽകുന്ന സാഹചര്യമാണിത്. സത്യം പുറത്തു വരുന്നതിനു സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്നും ഹർജികളുടെ ബാക്കിയുള്ള സെറ്റ് ജുഡീഷൽ രജിസ്ട്രാർ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
മലബാർ സിമന്റ്സിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ, ജോയ് കൈതാരം എന്നിവർ നൽകിയ ഹർജികളും മലബാർ സിമന്റ്സിലെ മുൻ ചെയർമാൻ ജോണ്‍ മാത്യു, മുൻ ഡയറക്ടർമാരായ എൻ. കൃഷ്ണകുമാർ, പത്മനാഭൻ നായർ എന്നിവർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിക്കാൻ അനുമതി നൽകി സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരേ ഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ നൽകിയ ഹർജിയുമാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഇതിൽ സർക്കാർ ഉത്തരവിനെതിരേ നൽകിയ ഹർജിയുടെയും ജോയ് കൈതാരം നൽകിയ ഹർജിയുടെയും ഒരു സെറ്റ് ആദ്യം കാണാതായി. ഇതു കാരണം രണ്ടു ഹർജികളുടെയും രണ്ടാമത്തെ സെറ്റാണു കേസ് പരിഗണിച്ചപ്പോഴൊക്കെ ഹൈക്കോടതിയിലെ ഫയലിംഗ് വിഭാഗം കോടതിയിൽ ഹാജരാക്കിയത്. പിന്നീട് ഈ സെറ്റും കാണാതായി. ഇതോടെ അവശേഷിക്കുന്ന മൂന്നാമത്തെ സെറ്റ് ഹർജിയാണ് ഇപ്പോൾ കോടതിയിലെത്തിയിട്ടുള്ളത്.
ഇതേപോലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗണ്‍സിൽ നൽകിയ ഹർജിയുടെ ആദ്യ സെറ്റും കാണാതായിട്ടുണ്ട്. കഴിഞ്ഞ മേയ് 21ന് ഈ കേസുകൾ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തശേഷമാണ് ഇവ കാണാതായത്. ഇക്കാര്യത്തിൽ അടിയന്തര നടപടികളും മാർഗനിർദേശങ്ങളും അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവ് ആക്ടിംഗ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു സമർപ്പിക്കാനും ഉത്തരവിട്ടു.