ദാവൂദ് വിലക്കിയ കൊലപാതകം നടപ്പാക്കിയതോടെ അയാളുമായി കൊടിയ ശത്രുതയിലായ അലി ബാബ ബുദേഷ് അടങ്ങിയിരുന്നില്ല. തന്നെ ഭീഷണിപ്പെടുത്തിയ ഡി കന്പനിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അയാൾ തീരുമാനിച്ചിരുന്നു. ബഹ്റൈനിൽ താവളമടിച്ച് അലി ബാബ ഇതിനുള്ള കരുക്കൾ നീക്കി.
അന്താരാഷ്ട്ര ബന്ധങ്ങളും വൻ നെറ്റ്വർക്കും ഉള്ള ദാവൂദിനെ താൻ ഒറ്റയ്ക്കു മാത്രം വിചാരിച്ചാൽ വീഴ്ത്താൻ ആവില്ലെന്നു അലി മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ സമാനമനസ്കരായ മറ്റ് അധോലോക നായകന്മാരുമായി ചേർന്നുള്ള ഒരു ഒാപ്പറേഷനാണ് ഇയാൾ പ്ലാൻ ചെയ്തിരുന്നത്.
ദാവൂദിന്റെ സംഘത്തെ നശിപ്പിക്കാൻ ദാവൂദിന്റെ ശത്രുക്കളുമായിട്ടെല്ലാം കൈകോർത്തു. അങ്ങനെയാണ് ശ്രീവാസ്തവയുമായും അലി അടുക്കുന്നത്.
കൊലപാതകങ്ങൾ
ഇന്ത്യയിലെ ദാവൂദിന്റെ വ്യാജ കറൻസി റാക്കറ്റിനു പിന്നിൽ പ്രവർത്തിച്ച ഡി കമ്പനിയുടെ ഏറ്റവും വലിയ ഏജന്റ് ജാമിം ഷായെ കാഠ്മണ്ഡുവിൽവച്ച് ഇവർ വെടിവച്ചു കൊലപ്പെടുത്തി. ശ്രീവാസ്തവയായിരുന്നു കൊലപാതകത്തിനു പിന്നിൽ.
ഡി കമ്പനിയിലെ മറ്റു പ്രധാന പ്രവർത്തകരായ മാജിദ് മണിഹാർ, പർവേസ് തണ്ട എന്നിവരെ കൊലപ്പെടുത്തിയതായും ബുദേഷ് അവകാശപ്പെട്ടു. ഈ കൊലപാതകങ്ങൾക്കു പിന്നിലെ ഏക ഉദ്ദേശ്യം ദാവൂദിന്റെ ഡി കമ്പനിയെ ദുർബലപ്പെടുത്തുക എന്നതായിരുന്നു.
തനിക്കെതിരേ പല രീതിയിൽ നീങ്ങുന്ന ബുദേഷിനെ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ദാവൂദ് ഛോട്ടാ ഷക്കീലിനെയാണ് ഏൽപ്പിച്ചത്.
ഒറ്റുകാരൻ
ദാവൂദിനെ കായികമായി നേരിടുന്നതിനൊപ്പം നിയമപാലകർക്ക് ഒറ്റിക്കൊടുത്തും ബുദേഷ് ദാവൂദ് സംഘത്തെ ക്ഷയിപ്പിക്കാൻ കരുക്കൾ നീക്കിയിരുന്നു.
1996ൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിനെ തടഞ്ഞുവച്ചത് ബുദേഷ് കൈമാറിയ വിവരത്തെത്തുടർന്നാണ്. സഹോദരന്റെ മോചനത്തിനായി ദാവൂദ് അന്ന് അഞ്ചു ലക്ഷം രൂപ ചെലവഴിച്ചു.
മറ്റൊരു പ്രധാന അധോലോക നേതാവായ അബു സലിമിനെ യുഎഇയിലെ അൽ-റാഫ തടങ്കൽ കേന്ദ്രത്തിൽ ഒരു മാസം തടവിലാക്കിയതും ബുദേഷിന്റെ ബുദ്ധിയായിരുന്നു. ഛോട്ടാ ഷക്കീൽ ഉൾപ്പെടെ ദാവൂദ് സംഘത്തിലെ പല പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങളും ബുദേഷ് നിയമപാലകർക്കു കൈമാറിയിരുന്നു.
തങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോരുന്നത് അക്കാലത്തു വലിയ ഭീതിയാണ് ദാവൂദ് സംഘത്തിൽ വിതച്ചത്.
(തുടരും)