തൃപ്പൂണിത്തുറ: 85-ാമത്തെ വയസിൽ ആദ്യമായി അഭിനയിച്ച സിനിമയിലെ വേഷത്തിന് 2022 ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച സന്തോഷത്തിലാണ് തൃപ്പൂണിത്തുറയിലെ ദേവി വർമ.
തരുൺ മൂർത്തി സംവിധാനം നിർവഹിച്ച സൗദി വെള്ളക്ക എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവി വർമ്മയ്ക്ക് അവാർഡ് ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം തോന്നിയ ദിവസമെന്നാണ് അവാർഡിനെക്കുറിച്ചുള്ള ദേവി വർമ്മയുടെ പ്രതികരണം.
തൃപ്പൂണിത്തുറ വടക്കേക്കോട്ട മുല്ലക്കൽ നഗറിൽ കളഭം അപ്പാർട്ട്മെന്റിലെ താമസ സ്ഥലത്തേക്ക് നേരിട്ടും ഫോണിലൂടെയുമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന സന്തോഷത്തിലാണ് ദേവി വർമ.
ദേവി വർമയുടെ മകൾ ശുഭ വർമയുടെ മകൻ സിദ്ധാർഥ് വർമ്മ തിയറ്റർ ആർട്ടിസ്റ്റാണ്. സിദ്ധാർഥിന്റെ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന അമ്മൂമ്മയുടെ ചിത്രം കണ്ട സംവിധായകൻ തരുൺ മൂർത്തിയാണ് സിനിമയിൽ അഭിനയിക്കാൻ വിളിച്ചത്.
2002ൽ ഭർത്താവ് രവിവർമ തമ്പുരാന്റെ മരണശേഷം പിന്നീട് തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടില്ലാത്ത ദേവി വർമ അങ്ങനെ ആദ്യമായി ലൈംലൈറ്റിനു മുന്നിൽ നിൽക്കുകയായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന സമയത്ത് പെരുമ്പാവൂരിലും കളമശേരിയിലുമായിട്ടായായിരുന്നു 45 ദിവസം നീണ്ട ഷൂട്ടിംഗ്.1966ൽ പ്രവർത്തനം തുടങ്ങിയ തൃപ്പൂണിത്തുറയിലെ പഴയ കാല സിനിമാ തിയറ്ററുകളിലൊന്നായിരുന്ന ശ്രീകല തിയറ്റർ ഇവരുടേതായിരുന്നു.
2002ൽ ഭർത്താവിന്റെ മരണശേഷം 2015ൽ പ്രവർത്തനം നിർത്തുന്നത് വരെ തിയറ്റർ നടത്തിയിരുന്നത് മകൻ ദേവദാസ് വർമയായിരുന്നു.