എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: നാലായിരത്തില്‍പ്പരം നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള പൂജപ്പുര രവി നാടക അരങ്ങിന്റേതായ അമിതാഭിനയം ഒഴിവാക്കി തികച്ചും നൈസര്‍ഗിക അഭിനയം കാഴ്ചവച്ചു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അഭിനയത്തോടുള്ള താല്പര്യം തുടങ്ങുന്നത് അച്ഛന്റെ (മാധവന്‍പിള്ള) നാടകീയമായ രാമായണ വായന കേട്ടാണ്.
അഭിനയിക്കുന്നത് പോലെയാണ് അച്ഛന് രാമായണം, മഹാഭാരതമൊക്കെ വായിച്ചിരുന്നത് എന്ന് പൂജപ്പുര രവി തന്നെ പറയാറുണ്ടായിരുന്നു
. ആകാശവാണിയിലെ ബാല ലോകത്തിലെ നാടകങ്ങളില്‍ അഭിനയിച്ച് കൊണ്ട് തുടക്കം. തിരുവനന്തപുരത്തെ തിരുമല ഹൈസ്കൂളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ആണ് ആദ്യമായി സ്റ്റേജില്‍ നാടകം അഭിനയിക്കുന്നത്.
എസ്.എല്‍. പുരം സദാനന്ദന്റെ “രാള്‍ കൂടി കള്ളനായി’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ബീരാന് കുഞ്ഞിനെയാണ് അവതരിപ്പിച്ചത്. നാടകം കണ്ട അധ്യാപകരുടെ പ്രോത്സാഹനവും വലിയ ആവേശമായി.
ഏതായാലും പഠനം പതിനൊന്നാം ക്ലാസില്‍ വച്ച് അവസാനിക്കുകയും രവീന്ദ്രന് നായര്‍ നാടക അരങ്ങിന്റെ ഭാഗമാവുകയും ചെയ്തു.
കലാനിലയത്തിന്റെ സൂപ്പര്‍ ഹിറ്റുകളായ ദേവദാസി, കായംകുളം കൊച്ചുണ്ണി, ഉമ്മണി തങ്കച്ചി തുടങ്ങിയവ ഉള്‍പ്പെടെയുള്ള നാടകങ്ങളാണ് പൂജപ്പുര രവി അഭിനയിച്ചത്. രവീന്ദ്രന്‍നായരെ പൂജപ്പുര രവിയാക്കിയത് കലാനിലയം കൃഷ്ണന് നായരാണ്.
പൂജപ്പുര ചെങ്കള്ളൂരില് ജനിച്ചു വളര്‍ന്ന പൂജപ്പുര രവി കുടുംബവീടിനടുത്ത് സ്വന്തമായി വീട് വച്ചിരുന്നു. മകന് ഹരികുമാര്‍ അയര്‍ലന്‍ഡില്‍ പോകുന്നതിനാല്‍ മകള്‍ ലക്ഷ്മിക്കൊപ്പം മറയൂരിലെ മകളുടെ വീട്ടിലേക്കു കഴിഞ്ഞ ഡിസംബറില്‍ താമസം മാറ്റിയിരുന്നു.
സിനിമയില്‍ “സാധു’ പ്രകൃതക്കാരെയാണ് കൂടുതല്‍ ആവാഹിച്ചതെങ്കിലും സിനിമയ്ക്കുള്ളിലെ അപ്രിയ സത്യങ്ങള്‍ ഉറക്കെ പറയുവാനുള്ള തന്റേടം അവസാന കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു.