കൊച്ചി: സംവിധായകൻ ഹേമന്ത് ജി. നായരുടെ സിനിമ “ഹിഗ്വിറ്റ’യ്ക്ക് ആ പേരു നൽകുന്നതു സംബന്ധിച്ച് ഫിലിം ചേംബറിന്റെ അന്തിമതീരുമാനം ആറിന് ഉണ്ടാകും.
സിനിമയ്ക്ക് ആ പേരു നൽകണമെങ്കിൽ, നോവലിസ്റ്റ് എൻ.എസ്. മാധവന്റെ അനുവാദം വേണമെന്നു ഫിലിം ചേംബർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇതോടെ “ഹിഗ്വിറ്റ’യെന്ന പേരിനെ ചൊല്ലി എൻ.എസ്. മാധവനും ഹേമന്ത് ജി. നായരും തമ്മിലുള്ള വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഹിഗ്വിറ്റയെന്ന പേരിൽ സിനിമയുടെ റജിസ്ട്രേഷൻ അനുവദിക്കില്ലെന്ന് തനിക്ക് ഫിലിം ചേംബർ ഉറപ്പുനൽകിയെന്ന് എൻ.എസ്. മാധവൻ പ്രതികരിക്കുകയുണ്ടായി.
എന്നാൽ ഒരു അറിയിപ്പും തനിക്ക് ലഭിച്ചില്ലെന്നും സിനിമയുടെ പേര് മാറ്റുന്നത് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ പ്രതികരണം.
തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ ഫിലിം ചേംബർ തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹേമന്ത് വ്യക്തമാക്കി.
“ഹിഗ്വിറ്റ’ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഖകരമാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ചേംബറിന് അദ്ദേഹം കത്തും നൽകി. തുടർന്നാണു സിനിമയുടെ അണിയറക്കാർക്കു ഫിലിം ചേംബറിന്റെ നിർദേശം. സിനിമയുടെ പേരിനു മാത്രമാണ് ചേംബറിന്റെ വിലക്ക്.
നവംബർ 28നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. സെക്കൻഡ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി തര്യൻ, സജിത് അമ്മ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഫുട്ബോളും രാഷ്ട്രീയവുമാണ് ചിത്രത്തിന്റെ പ്രമേയം. 2019 ൽ ചിത്രീകരണം തുടങ്ങിയ ചിത്രം ഈ മാസം അവസാനത്തോടെ റിലീസിന് എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിട്ടുള്ളത്.