റെനീഷ് മാത്യു
സിനിമയിൽ അവസരങ്ങൾ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം. കണ്ണൂരിൽ രണ്ടു പരാതികൾ ഇത്തരം സംഘങ്ങളെക്കുറിച്ച് ലഭിച്ചു. സിനിമയുടെ പൂജ നടത്തിയതിനു ശേഷമാണ് പണം തട്ടുന്നത്. സ്ക്രിപ്റ്റ് പോലും പൂർത്തിയാകാതെ ഓഡിഷൻ നടത്തുകയും സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തതിനു ശേഷമാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.
ഏതെങ്കിലും വൻകിട ഹോട്ടലുകളിലായിരിക്കും ചിത്രത്തിന്റെ പൂജ. അഭിനേതാക്കൾ ഇല്ലാതെ പ്രൊഡ്യൂസറും കോ-പ്രൊഡ്യൂസറുമായാണ് പലരും പൂജ ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. രജിസ്ട്രേഷൻ ഫീസോടുകൂടിയാണ് ഓഡിഷൻ നടത്തുന്നത്.
ഇത്തരത്തിൽ ചതിക്കപ്പെട്ട എഴുത്തുകാരന്റെയും അഭിനേതാവിന്റെയും പരാതികളാണ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. ഇവയെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പൂജ ഗംഭീരം
തിരക്കഥയില്ല, അഭിനേതാക്കളില്ല..എന്നാലും ചിത്രത്തിന്റെ പൂജ ഗംഭീരമായി നടക്കും. പൂജ നടക്കുന്പോൾ ആകെയുള്ളത് സംവിധായകനും നിർമാതാക്കളും പിന്നെ സിനിമാരംഗത്ത് അത്ര പ്രശസ്തരല്ലാത്ത ആളുകളും. പൂജയ്ക്ക് മുന്പ് അത്യാവശ്യം സിനിമയും സീരിയലുകളുമായി കഴിയുന്ന ജൂണിയർ ആർട്ടിസ്റ്റുകളെയാണ് സംവിധായകനും നിർമാതാക്കളും സമീപിക്കുന്നത്.
നായകസ്ഥാനം വാഗ്ദാനം നല്കിയാണ് സമീപിക്കുന്നതും. നായക സ്വപ്നങ്ങൾ കണ്ട് വരുന്പോഴേക്കും സംവിധായകന്റെ ഒരു ഫോൺ വിളി നായകനെ തേടിയെത്തും. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ പിൻമാറിയെന്നും സഹനിർമാതാവായാൽ മാത്രമേ നായകസ്ഥാനത്ത് പറ്റുകയുള്ളൂ എന്നുമാണ് പറയുന്നത്. സഹനിർമാതാവ് സ്ഥാനത്തിന് 15 ലക്ഷം മുതൽ 20 ലക്ഷം രൂപവരെയാണ് ആവശ്യപ്പെടുന്നത്.
ഓഡിഷൻ നടത്തിയും തട്ടിപ്പ്
അഭിനയമോഹമുള്ളവരാണ് ഓഡിഷൻ തട്ടിപ്പിന് ഇരയാകുന്നത്. നൂറ് മുതൽ 200 രൂപ വരെയാണ് ഓഡീഷനിൽ പങ്കെടുക്കുന്നവരിൽ നിന്ന് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്. നിലവിൽ അങ്ങനെ ഒരു നിയമം ഇല്ല. എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് അധികമായും ഓഡിഷൻ നടക്കുന്നത്. ഉടൻ ആരംഭിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന് മാധ്യമങ്ങളിൽ പരസ്യം നല്കിയാണ് തട്ടിപ്പ്. ഓഡീഷൻ കഴിഞ്ഞാൽ പിന്നെ ഈ സംഘം പൊങ്ങുന്നത് മറ്റ് ജില്ലകൾ കേന്ദ്രീകരിച്ചാണ്.
കണ്ണൂരിൽ നടന്ന തട്ടിപ്പ് ഇങ്ങനെ..
കണ്ണൂരിൽ രണ്ടുമാസം മുന്പ് പൂജ കഴിഞ്ഞ ഒരു പടത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, മറ്റ് അണിയറ പ്രവർത്തകർക്കുമെതിരേ തിരക്കഥാ രചയിതാവും എഴുത്തുകാരനുമായ സജി വടകര കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിക്കഴിഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ജൂണിയർ ആർട്ടിസ്റ്റും സീരിയൽ നടനുമായ മട്ടന്നൂർ സ്വദേശിയെ നായകനാക്കിയാണ് കോഴിക്കോട് സ്വദേശിയായ സംവിധായകൻ ഒരു ചിത്രത്തിന്റെ പൂജ തലശേരി ഹോട്ടലിൽ വച്ച് നടത്തിയത്. തമിഴ് രംഗത്ത് നിരവധി സിനിമകളിൽ സഹ സംവിധായകനായി വർക്ക് ചെയ്തയാളാണെന്ന് പറഞ്ഞാണ് സംവിധായകൻ സിനിമയുമായി രംഗത്തെത്തിയത്. എന്നാൽ സ്ക്രിപ്റ്റ് പോലും കയ്യിലില്ലാതെയാണ് ചിത്രത്തിന്റെ പൂജ നടന്നത്.
ചിത്രത്തിന്റെ പൂജ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം സംവിധായകൻ നായകനാക്കാൻ തീരുമാനിച്ച മട്ടന്നൂർ സ്വദേശിയുമായി ബന്ധപ്പെടുകയും ചിത്രത്തിന്റെ സഹ നിർമാതാവാകാൻ 15 ലക്ഷം രൂപ തരണമെന്നും എങ്കിൽ മാത്രമേ നായകനാക്കി മുന്നോട്ടു പോകൂവെന്നും പറയുകയായിരുന്നു. ഇതിനെതുടർന്നാണ് പോലീസിനെ സമീപിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സിനിമാ രംഗത്ത് യാതൊരു പരിചയവുമില്ലാത്തയാളാണ് ഇയാളെന്ന് മനസിലാവുകയും ചെയ്തു.
സിനിമയുടെ നിർമാതാക്കളായി രംഗത്തെത്തിയവരാകട്ടെ പൈസയില്ലാത്തവരും. ഇതിൽ ഒരു നിർമാതാവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അയാൾ ജനറേറ്റർ മെക്കാനിക്കാണെന്ന് അറിഞ്ഞു. ഒരു കോടി രൂപയുടെ ബജറ്റിലായിരുന്നു സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയത്.
കഥയ്ക്ക് അഞ്ചു ലക്ഷം, സ്ക്രിപ്റ്റിന് ഒരു ലക്ഷം
ഇതിനിടയിൽ സിനിമയുടെ കഥ സംവിധായകന്റെ സുഹൃത്ത് തന്നെയാണ് തയാറാക്കിയത്. അഞ്ചുലക്ഷം രൂപയാണ് കഥയ് ക്കായി ഇയാൾ നിർമാതാവിനോട് ആവശ്യപ്പെട്ടത്. കഥ വായിച്ചു നോക്കാതെ അഞ്ചുലക്ഷം കൊടുക്കാമെന്ന് സമ്മതിച്ച കണ്ണൂർ സ്വദേശി തിരക്കഥ എഴുതുവാൻ വടകര സ്വദേശി സജീവനെ ഏല്പിക്കുകയായിരുന്നു.
ഒരുലക്ഷം രൂപ നൽകാമെന്ന് പറഞ്ഞാണ് സ്ക്രിപ്റ്റ് തയാറാക്കാൻ ഏല്പിച്ചത്. എന്നാൽ സ്ക്രിപ്റ്റ് തയാറാക്കിയപ്പോൾ 50,000 രൂപയെ തരികയുള്ളൂവെന്ന് പറയുകയായിരുന്നു. അതിനും തിരക്കഥാകൃത്ത് സമ്മതിച്ചെങ്കിലും ഒരു പൈസയും നല്കിയില്ല. സംവിധായകനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല. തുടർന്നാണ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നല്കാനെത്തിയത്.
ഇതിനിടയിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് തലശേരിയിലും കണ്ണൂരിലുമായി മൂന്നു ഹോട്ടലുകളിൽ താമസിക്കാൻ സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്തു. എന്നാൽ വാടക പോലും കൊടുക്കാതെ നിർമാതാവും സംവിധായകനും മുങ്ങുകയായിരുന്നു. ചിത്രത്തിന്റെ പൂജ നടത്തിയ ഹോട്ടലിന്റെ ചെലവുകൊടുക്കുവാനും തയാറായില്ല.
തട്ടിപ്പിനു പിന്നിൽ കണ്ണൂർ കൊളച്ചേരി സ്വദേശിയും
ഒരു ദിവസം മാത്രം ഷൂട്ട് കഴിഞ്ഞ ഒരു സിനിമയുടെ നിർമാതാവെന്ന് അവകാശപ്പെടുന്ന കണ്ണൂർ കൊളച്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ വൻതട്ടിപ്പാണ് അരങ്ങേറിയത്. ചിത്രത്തിലേക്ക് അഭിനയിക്കാൻ എന്നു പറഞ്ഞ് ആളുകളെ വിളിച്ചിട്ട് അവരിൽനിന്നും പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. കോഴിക്കോട് സ്വദേശിയായ ഒരു ബാലതാരത്തിന്റെ അമ്മയിൽ നിന്ന് സഹനിർമാതാവ് ആക്കണമെന്ന് ആവശ്യപ്പെട്ട് 20 ലക്ഷം രൂപയും ആവശ്യപ്പെട്ട സംഭവം ഉണ്ട്.
പൂജ നടത്തുന്നതിനും നിയമങ്ങൾ ഉണ്ട്
ഒരു പടത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കണമെങ്കിൽ ആദ്യം ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യണം. ആർട്ടിസ്റ്റുകൾ, മറ്റ് സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ കൃത്യമായ പേരുവിവരങ്ങൾ ചേംബറിൽ രേഖപ്പെടുത്തണം. സിനിമയുടെ ടൈറ്റിലടക്കം ചേംബറിൽ രജിസ്റ്റർ ചെയ്യണം. ഒരു സിനിമയുടെ പൂജ നടത്തുന്പോൾ സിനിമയുടെ പേരടക്കം ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. പൂജ നടക്കുന്പോൾ അതാത് പ്രദേശത്തെ പോലീസ് സ്റ്റേഷനുകളിലും അറിയിക്കണം. എന്നാൽ ഇതൊന്നും ചെയ്യാതെയാണ് തട്ടിപ്പ് നടക്കുന്നത്.