സിനിമ രംഗത്തെ ചില പ്രമുഖര്‍ക്കും സംഗീതജ്ഞര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി അടുത്തബന്ധമാണുള്ളതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വിലയിരുത്തല്‍. മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെല്ലാം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.
ബംഗളുരുവിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ മയക്കുമരുന്നും രണ്ടര ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു. ബംഗളുരുവിലെ കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് 145 എംഡിഎംഎ ഗുളികകളും 2.20 ലക്ഷം രൂപയും പിടിച്ചെടുത്തത്. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ ബംഗലൂരുവിലെ നികൂ ഹോംസില്‍ നിന്നും 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും കണ്ടെടുത്തു.
ഇതിന് പിന്നാലെ മയക്കുമരുന്ന് വിതരണത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന വനിതയെ പൊലീസ് പിടികൂടി. ഇവരുടെ ദോഡാഗുബ്ബിയിലെ വീട്ടില്‍ നിന്നും 270 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് എം അനൂപ്, ആര്‍ രവീന്ദ്രന്‍, അനിഖ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കര്‍ണാടകയിലെ ചില സിനിമാതാരങ്ങളും സംഗീതജ്ഞരുമാണ് മയക്കുമരുന്ന് വാങ്ങുന്നവരില്‍ പ്രധാനികളെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് സൂചന. കൂടാതെ, കോളജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ തുടങ്ങി സമൂഹത്തിലെ പലമേഖലകളിലുള്ളവരും തങ്ങളുടെ ഇടപാടുകാരാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.