ബ്രഹ്മപുരത്തെ മാലിന്യപ്പുക ശ്വസിച്ച് കൊച്ചിക്കാർ ശ്വാസംമുട്ടുന്പോൾ ഈ വിഷയത്തിലുള്ള പ്രതികരണവുമായി സിനിമാതാരങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.
നടന്മാരായ വിനയ് ഫോർട്ടും ഉണ്ണി മുകുന്ദനുമാണ് ഇപ്പോൾ തങ്ങളുടെ പ്രതികരണം ഫേസ്ബക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘ഐ കാന്റ് ബ്രീത്ത്’ എന്ന് മാസ്ക് ധരിച്ചിരിക്കുന്ന മുഖത്തിന്റെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈലാക്കിയാണ് വിനയ് ഫോർട്ട് തന്റെ പ്രതിഷേധം പങ്കുവച്ചിരിക്കുന്നത്.
കൂടിക്കിടക്കുന്ന മാലിന്യത്തിലിരിക്കുന്ന അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം ‘ഹീറോസ്, സേവ് അസ്’ എന്ന തലക്കെട്ടോടെയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി നിവാസികൾ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ഫേസ്ബുക്ക് പോസ്റ്റിലൂടെ എടുത്തുപറഞ്ഞിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടിത്തം കാരണം വീടിന് പുറത്തിറങ്ങുന്പോൾ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുക.
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക- എന്നിങ്ങനെയാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.