ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം വായില്യാകുന്ന് ഭഗവതി ക്ഷേത്ര പരിസരത്തു നടന്ന സിനിമ ഷൂട്ടിംഗ് ബിജെപി പ്രവർത്തകർ തടസപ്പെടുത്തി.
ക്ഷേത്രത്തിന്റെ പവിത്രതയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള സിനിമ ചിത്രീകരണമാണു നടക്കുന്നതെന്നാരോപിച്ചാണു ചിത്രീകരണം തടഞ്ഞത്.
ചലച്ചിത്ര പ്രവർത്തകരുടെ പരാതിയെത്തുടർന്ന് ചിത്രീകരണം തടഞ്ഞവർക്കെതിരേ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു.
ആഷിക്, ഷിനു, സൽമാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ഷൂട്ടിംഗാണു തടസപ്പെടുത്തിയത്.
ഷൂട്ടിംഗ് ഉപകരണങ്ങൾ നശിപ്പിച്ചതായും അണിയറ പ്രവർത്തകർ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.
അതേസമയം ക്ഷേത്രഭൂമിയിൽ സിനിമാ ഷൂട്ടിംഗ് നടത്താനുള്ള അനുമതിക്കായി സിനിമ പ്രവർത്തകർ ദേവസ്വം ബോർഡിന് അപേക്ഷ നൽകിയെങ്കിലും അംഗീകാരം നൽകിയിരുന്നില്ല.
ചിത്രീകരണം നടത്താൻ ക്ഷേത്രപരിസരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണു ദേവസ്വം ബോർഡിന് അപേക്ഷ നൽകിയത്.
ഏപ്രിൽ ഏഴു മുതൽ 12 വരെയാണു ക്ഷേത്രപരിസരം സിനിമാ ചിത്രീകരണത്തിനായി അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. സംഭവം പ്രശ്നമായപ്പോൾ ദേവസ്വം ബോർഡ് അപേക്ഷ തള്ളി.
ചിത്രീകരണം എന്ന വ്യാജേന വർഗീയവത്കരണമാണ് കടമ്പഴിപ്പുറം വായില്യാകുന്ന് ഭഗവതിക്ഷേത്രത്തിൽ അരങ്ങേറിയതെന്നും ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളെ മോശമായ രീതിയിലാണു ചിത്രീകരിച്ചതെന്നും ഹിന്ദു ഐക്യവേദി, ബിജെപി നേതാക്കൾ ആരോപിച്ചു.
ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് ഭംഗം വരുന്ന രീതിയിലുള്ള സിനിമയാണ് ക്ഷേത്രത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ചത്.
അതു തടയുക മാത്രമാണ് ഉണ്ടായതെന്നും ഇത്തരത്തിലുള്ള ഒരു സിനിമ ക്ഷേത്രത്തിൽ ചിത്രീകരിക്കാൻ മൗനാനുവാദം നൽകിയ ദേവസ്വം ബോർഡിനെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. സുബ്രമണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്.