കേരളത്തിനു പുറത്ത് പ്രത്യേകിച്ച് തമിഴ്നാട്ടിൽ താരങ്ങളുടെ രാഷ്്ട്രീയ പ്രവേശനം പുതിയ കാര്യമൊന്നുമല്ല. തമിഴ്നാട് മുഖ്യമന്ത്രിമാരായിരുന്ന എം.ജി. രാമചന്ദ്രനും ജയലളിതയുമൊക്കെ സിനിമാതാരങ്ങളും വെള്ളിത്തിരയിലെ താരജോഡികളുമൊക്കെയായിരുന്നു. മുൻ മുഖ്യമന്ത്രി കരുണനിധിയും സിനിമാ തിരക്കഥാകൃത്തും നിർമാതാവുമായിരുന്നു.
അതേസമയം മലയാളത്തിൽ നിന്ന് അധികമാരും രാഷ്ട്രീയത്തിലേക്കു വരുന്നുമില്ല, തിളങ്ങുന്നുമില്ല. മലയാളവെള്ളിത്തിരയിലെ നിത്യഹരിത നായകൻ പ്രേംനസീർ തന്റെ അവസാനനാളുകളിൽ രാഷ്ട്രീയ പ്രവേശനം ആഗ്രഹിച്ചിരുന്നു. കോണ്ഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും അതു സംഭവിച്ചില്ല. അന്തരിച്ച നടൻ ഭരത് മുരളി 1999ൽ ആലപ്പുഴ ലോക്സഭാമണ്ഡലത്തിൽ നിന്ന് ഇടതു സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും കോണ്ഗ്രസിലെ വി.എം. സുധീരനു മുന്നിൽ മുട്ടു മടക്കേണ്ടി വന്നു.
2001ലാണ് ഒരു മലയാളസിനിമാ താരം ആദ്യമായി പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ മകനും സിനിമാ താരവുമായ കെ.ബി. ഗണേഷ്കുമാറാണ് പത്തനാപുരം മണ്ഡലത്തിൽ നിന്നു കേരളാ കോണ്. ബി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചത്.
9,931 വോട്ടിനായിരുന്നു വിജയം. ആന്റണി മന്ത്രിസഭയിൽ ഗണേഷ്കുമാർ ഗതാഗത മന്ത്രിയുമായി. പിന്നീട് 2006ലും 2011ലും പത്തനാപുരത്തു വിജയിച്ചു. പിന്നീട് ഇടതുപക്ഷത്തേക്കു കളംമാറിയ ഗണേഷും പാർട്ടിയും 2016-ൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും വിജയം കണ്ടു.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്നസെന്റ് ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു. കോൺഗ്രസിലെ പി.സി. ചാക്കോയെയാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്. അങ്ങനെ പാർലമെന്റിലെത്തുന്ന ആദ്യ മലയാളസിനിമാ താരമായി ഇന്നസെന്റ്. 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിലും ഇന്നസെന്റ് മത്സരിച്ചു വിജയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖ് കോണ്ഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നു കേട്ടിരുന്നു. എന്നാൽ ഒടുവിൽ അദ്ദേഹം പിന്മാറുകയായിരുന്നു. സ്ഥാനാർഥി മോഹികളായ കോണ്ഗ്രസ് നേതാക്കളുടെ തള്ളിക്കയറ്റമായിരുന്നത്രേ ഈ പിന്മാറ്റത്തിനു പിന്നിൽ. അതേപോലെ തന്നെ വടക്കാഞ്ചേരിയിൽ നിന്ന് ഇടതു മുന്നണി സ്ഥാനാർഥിയായി കെപിഎസി ലളിത മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു.
എന്നാൽ മണ്ഡലത്തിൽ ലളിതയ്ക്കെതിരേ ചില പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ അവരും പിന്മാറി. സിറ്റിംഗ് എംഎൽഎ ആയിരുന്ന ഗണേഷ് കുമാറിനു പുറമെ മുകേഷ്, ജഗദീഷ്, ഭീമൻ രഘു എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. പത്തനാപുരത്ത് കോണ്ഗ്രസ് ടിക്കറ്റിൽ മത്സരിച്ച ജഗദീഷിനും ബിജെപി സ്ഥാനാർഥിയായ ഭീമൻ രഘുവിനും ഇടതുമുന്നണി സ്ഥാനാർഥിയായ ഗണേഷ്കുമാറിനു മുന്നിൽ അടിയറവു പറയേണ്ടി വന്നു.
കൊല്ലം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥിയായ മുകേഷ് വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നു ക്രിക്കറ്റ് താരം ശ്രീശാന്തും ജനവിധി തേടിയിരുന്നു. കഴിഞ്ഞ കുറേ നാളായി തെരഞ്ഞെടുപ്പ് വരുന്പോഴെല്ലാം ഇടതു മുന്നണി സ്ഥാനാർഥിയായി മമ്മൂട്ടിയുടെ പേര് പറഞ്ഞു കേൾക്കാറുണ്ട്. ഇത്തവണ ബിജെപി സ്ഥാനാർഥിയായി മോഹൻലാലിന്റെയും സിപിഎം സ്ഥാനാർഥിയായി മമ്മൂട്ടിയുടെയും പേരുകൾ ഉയർന്നു വന്നിരുന്നു. ബിജിപിയിൽ ചേർന്ന മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപി ഇപ്പോൾ രാജ്യസഭാംഗമാണ്.