ബാഴ്സലോണ: കറ്റാലന്‍ പടയെ സ്വന്തം തട്ടകത്തില്‍ മറികടക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡിനായില്ല. ഓരോ നിമിഷത്തിലും ആവേശം നിറഞ്ഞ കോപ്പ ഡെല്‍റേ രണ്ടാം പാദ സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ തളച്ച് ബാഴ്സലോണ ഫൈനലില്‍.
ന്യൂകാമ്പില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞെങ്കിലും അത്ലറ്റിക്കോയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തിലെ 2-1ന്റെ ജയം ബാഴ്സയ്ക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു. ഇരുപാദത്തിലുമായി ആകെ 3-2 എന്ന സ്കോറിനായിരുന്നു ബാഴ്സയുടെ വിജയം. അലാവസ്-സെല്‍റ്റ വിഗോ മത്സരത്തിലെ വിജയിയെയാണ് ബാഴ്സ ഫൈനലില്‍ നേരിടുക.
സസ്പെന്‍ഷന്‍മൂലം ബാഴ്സയുടെ നെയ്മര്‍ക്കും അത്ലറ്റിക്കോ നായകന് ഗാബിക്കും രണ്ടാംപാദത്തില്‍ കളിക്കാനായില്ല. നെയ്മറുടെ അഭാവത്തില്‍ ആര്ഡ തുറാനെയായിരുന്നു മെസിക്കും സുവാസരിനുമൊപ്പം അക്രമണച്ചുമതലയേല്പ്പിച്ചത്. തുടക്കം മുതലേ സ്വന്തം തട്ടകത്തില്‍ അവസരങ്ങള്‍ ഒന്നൊന്നായി സൃഷ്ടിച്ചെടുത്ത ബാഴ്സ 43-ാം മിനിറ്റിലാണ് ഗോള്‍ കണ്ടെത്തിയത്.
മൈതാനമധ്യത്തു നിന്നും പന്തുമായി കുതിച്ച ലയണല്‍ മെസിയുടെ മുന്നേറ്റത്തിന്റെ അപകടം മനസിലാക്കി പന്തു തടയാന്‍ ശ്രമിച്ച അത്ലറ്റിക്കോ മധ്യനിരക്കാരെയും മുന്നോട്ടു കയറിയെത്തിയ പ്രതിരോധനിരയെയും മറികടന്നു പോസ്റ്റിനു തൊട്ടടുത്തുവച്ചു മെസി തൊടുത്തുവിട്ട പന്ത് അത്ലറ്റിക്കോ ഗോള്‍കീപ്പര്‍ മിഗ്വേല്‍ മോ തട്ടിത്തെറിപ്പിച്ചു. പന്ത് നേരെയെത്തിയത് സമീപത്തു തക്കം പാര്‍ത്തിരുന്ന സുവാരസിന്റെ കാല്‍ചുവട്ടിലേക്ക്.
ഒന്നാന്തരം ഫിനിഷിംഗിലൂടെ സുവാരസ് പന്തു വലയിലെത്തിച്ചു. അന്റോണിയോ ഗ്രീസ്മാനും ഫെര്‍ണാണ്ടോ ടോറസുമായിരുന്നു അത്ലറ്റിക്കോയുടെ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. അറുപത്തിയൊന്നാം മിനിറ്റില്‍ ടോറസിനു പകരം ഫ്രഞ്ച് താരം കെവിന് ഗാമിയിറോ കളത്തിലിറങ്ങിയതോടെ അത്ലറ്റിക്കോയുടെ മുന്നേറ്റത്തിന് ശക്തികൂടി.
79ാം മിനിറ്റില്‍ അവര്‍ക്കു അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പന്തുമായി എത്തിയ ഗാമെറോയെ ബാഴ്സ താരം ജെറാര്‍ഡ് പിക്വെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ കിക്കെടുത്ത ഗാമെറോയുടെ ഷോട്ട് ആകാശത്തേക്കാണ് പോയത്. ഒടുവില്‍ 83-ാം മിനിറ്റില്‍ ഗാമെറോ അതിനു പ്രായശ്ചിത്തം ചെയ്തു. ബാഴ്സ ബോക്സിനുള്ളില്‍ വച്ചു അന്റോണിയോ ഗ്രീസ്മാന് നല്കിയ അത്യുജ്വല പാസിൽ വെറുതേ കാല് വയ്ക്കേണ്ട ചുമതലയേ ഗാമെറോയ്ക്കുണ്ടായിരുന്നുള്ളൂ. ബാഴ്സ ഗോളി ജാസ്പര്‍ സിലിസണെ കീഴ്പ്പെടുത്തി പന്ത് വലയില്‍. (1-1).