കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ന് കേരളത്തിന്റെ പുരുഷ – വനിതാ ടീമുകൾ റെയില്‍വേസിനെ നേരിടും. കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കട്ട് ട്രേഡ് സെന്ററില്‍ ഇന്ന് വൈകുന്നേരം മൂന്നിനാണ് വനിതകളുടെ പോരാട്ടം. അഞ്ചിനാണ് പുരുഷവിഭാഗം ഫൈനൽ.
പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട്ട് നടക്കുന്ന വോളിബോള്‍ ദേശീയ മാമാങ്കത്തിന്റെ കലാശപ്പോരാട്ടത്തിന് ആതിഥേയരായ പുരുഷ-വനിതാ ടീമുകൾ തോല്‍വി അറിയാതെയാണ് എത്തിയത്. അബ്ദുള്‍ നാസറിന്റെ ശിക്ഷണത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ പുരുഷ കേസരികള്‍ കളത്തിലിറങ്ങുന്നത്. അഞ്ച് തവണ ദേശീയ ചാമ്പ്യന്മാരായതിന്റെ ചരിത്രം ടീമിനുണ്ട്.
ചരിത്രത്തിലാദ്യമായി മലയാളിയല്ലാത്ത ഒരാള്‍ ടീമിനെ നയിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് കേരള പുരുഷന്മാർ ഫൈനലില്‍ ഇറങ്ങുന്നത്. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയായ ജെറോം വിനീതാണ് ക്യാപ്റ്റന്‍. ജെറോം വിനീതും വിപിന്‍ ജോർജും അഖിനും അജിത്ത്ലാലും മികച്ച ഫോമിലാണെന്നത് കേരളത്തിനു ശുഭാപ്തിവിശ്വാസം നല്കുന്നു.
ഇതിന് മുമ്പ് കോഴിക്കോട്ട് അരങ്ങേറിയ 2001ലെ ചാമ്പ്യന്‍ഷിപ്പില്‍ ബിജോ തോമസിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കേരളത്തിനായിരുന്നു കിരീടം. 1997, 2012, 2013, 2016 എന്നീ വര്ഷങ്ങളിൽകേരളത്തിന്റെ പുരുഷന്മാരായിരുന്നു ദേശീയ ചാമ്പ്യന്മാർ. കഴിഞ്ഞ തവണ കേരള ടീമില്‍ കളിച്ച കെ. കിഷോര്‍കുമാര്‍ ഇത്തവണ അസി. കോച്ചായി ടീമിനൊപ്പമുണ്ടെന്നതും സവിശേഷതയാണ്.
അതേസമയം, ഒമ്പതു തവണയായി തുടരുന്ന ഫൈനല്‍ പരാജയത്തിന്റെ കഥ ഇത്തവണ സ്വന്തംനാട്ടിൽ തിരുത്തിയെഴുതുകയാണ് കേരള വനിതകളുടെ ലക്ഷ്യം. ഒന്‍പതു പ്രാവശ്യവും ഫൈനലിൽ റെയിൽവേസിനോടാണ് പരാജയപ്പെടേണ്ടിവന്നത്. 2007ല്‍ ജയ്പൂരിലെ ചാമ്പ്യന്‍ഷിപ്പിലായിരുന്നു പെണ്‍പടയുടെ അവസാന ചാമ്പ്യന്‍ഷിപ്പ് നേട്ടം. തിരുവനന്തപുരത്ത് 1973ല്‍ നടന്ന ദേശീയ സീനിയര്‍ വോളിയിലെ കിരീടമാണ് നാട്ടിലെ ചാമ്പ്യന്‍ഷിപ്പുകളിൽ കേരളവനിതകളുടെ നേട്ടം. 2001 ലെ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീമിനെ വിജയികളാക്കിയ പരിശീലകന് സണ്ണി ജോസഫും ഇത്തവണ വനിതാ ടീം പരിശീലകനായുണ്ട് .
തമിഴ്കാറ്റിൽ ഉലയാതെ കേരളം
കോഴിക്കോട്: തമിഴ് ആക്രമണത്തില്‍ ഉലയാതെ കേരളത്തിന്റെ പുരുഷ കേസരികള്‍. ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം സെമി ഫൈനലില്‍ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണു നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ പുരുഷന്മാർ ഫൈനലിലെത്തിയത്. സ്കോര്‍: 25 -22, 30-25, 25-22.
ക്യാപ്റ്റന്‍ ജെറോം വിനീതിന്റെയും യുവതാരം അജിത്ത്ലാലിന്റെയും മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിലാണു തമിഴ്നാടിനെ അടിയറവുപറയിച്ചത്. യുവപ്രതിഭകളില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു തമിഴ്നാടിറങ്ങിയത്. മത്സരം ഇഞ്ചോടിഞ്ച് മുറുകിയതോടെ തിങ്ങി നിറഞ്ഞ ഗാലറി ആര്‍ത്തിരമ്പി. കേരളത്തിനൊപ്പം തമിഴ്നാടിനെയും ആരാധകര്‍ പ്രോത്സാഹിച്ചതോടെ മത്സരം തുല്യശക്തികള്‍ തമ്മിലുള്ള കടുത്തയുദ്ധമായി. ജെറോമിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ആദ്യ സെറ്റില്‍ കണ്ടത്. നിര്‍ണായകമായ 10 പോയിന്റും ജെറോമിന്റേതായിരുന്നു.
താരതമ്യേന ദുർബലരായ മഹാരാഷ്ട്രയെ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസ് ഫൈനലില്‍ എത്തിയത് . സ്കോര്‍: 25-8, 25-14 , 25-18.
ടോം ജോസഫിനെ അവഗണിച്ചതു തെറ്റ്: ടി.പി. ദാസന്
കോഴിക്കോട്: ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫിനു കോഴിക്കോട്ട് നടക്കുന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ടിക്കറ്റെടുക്കേണ്ടി വന്നതു തെറ്റായ പ്രവണതയാണെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്.
ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്ക്യാപ്റ്റനെന്നു മാത്രമല്ല, അര്‍ജുന അവാര്‍ഡ് നൽകി രാജ്യം ആദരിച്ച വ്യക്തി കൂടിയാണ് ടോം ജോസഫ്. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയത് വീഴ്ചയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു നടപടിയെടുക്കാന്‍ കഴിയില്ല. വോളിബോള്‍ അസോസിയേഷനാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.