പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഒരുപോലെ ഞെട്ടിക്കുന്ന തീരുമാനമാണ് നടന് ആര്യ താന്‍ നടത്തിവന്ന റിയാലിറ്റി ഷോയുടെ അവസാനം നടത്തിയത്. വധുവിനെ തെരഞ്ഞെടുക്കാനെന്ന പേരില്‍ നടത്തിയ റിയാലിറ്റി ഷോ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ആരെയും വിഷമിപ്പിക്കാന്‍ സാധിക്കില്ല, അതുകൊണ്ട് റിസള്‍ട്ട് പിന്നീട് പറയാം എന്ന് വ്യക്തമാക്കി ആര്യ പിന്മാറുകയായിരുന്നു.
ഷോ കണ്ടുകൊണ്ടിരുന്നവരും അതേക്കുറിച്ച് കേട്ടറിവുള്ളവരുമെല്ലാം ആര്യയെ കുറ്റപ്പെടുത്തി രംഗത്തെത്തുമ്പോള്‍ ആര്യയുടെ അവസ്ഥ തങ്ങള്‍ക്ക് മനസിലാവും അതുകൊണ്ട് അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അവസാന റൗണ്ടിലെത്തിയ മൂന്ന് പെണ്‍കുട്ടികള്‍.
ഫൈനലില്‍ വന്ന അഗതയും സീതാലക്ഷ്മിയും സൂസന്നയും ശരിക്കുമൊരു ഷോക്കില്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ അത് ഉള്‍ക്കൊള്ളുകയായിരുന്നു. ആര്യ പിന്നീട് തീരുമാനം അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആ വാക്കുകള്‍ക്കായി കാത്തിരിക്കുകയുമാണെന്നാണ് മൂവരും പറയുന്നത്.
ആര്യയെ സംബന്ധിച്ചിടത്തോളം ഒരു തീരുമാനമെടുക്കുക വളരെ കഷ്ടമാണ്. അദ്ദേഹം കുറച്ച് സമയം വേണമെന്നല്ലെ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ സ്ഥാനത്ത് ഞങ്ങള്‍ ആരെങ്കിലുമാണെങ്കിലും ഇതുപോലെ തന്നെയാകും. ഏറെ ബുദ്ധമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.’സീതാലക്ഷ്മി പറയുന്നു.
ആര്യയെ നിങ്ങള്‍ വെറുതെ വിടൂ. അദ്ദേഹത്തിന് ഇപ്പോള്‍ തന്നെ മനസ്സില്‍ ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുമുണ്ട്. അദ്ദേഹത്തിന് ചിന്തിക്കാനുള്ള സമയം കൊടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ ഇപ്പോള്‍ വിഷമത്തിലും ദേഷ്യത്തിലും സംശയത്തിലുമാണെന്നും എനിക്ക് അറിയാം. ഇതിന്റെ നല്ലതിനെക്കുറിച്ച് ചിന്തിക്കാം.
വലിയൊരു താരത്തിന് ടിവിയുടെ മുന്നില്‍ വന്ന് മൂന്നുപെണ്‍കുട്ടികളില്‍ ഒരാളെ തിരഞ്ഞെടുക്കുക പ്രയാസമേറിയ കാര്യമാണ്. തന്നെക്കാള്‍ മറ്റുള്ളവരുടെ വിഷമം അറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് എന്റെ ഇക്ക. എനിക്ക് അറിയില്ല ആരാണ് വിജയി എന്ന്. ഇപ്പോള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക. അദ്ദേഹത്തിന്റെ തീരുമാനം എന്തായാലും അതിനോട് നിങ്ങളും പിന്തുണയ്ക്കുക. അത് ആര്യയെ ഒരുപാട് സഹായിക്കും. ആര്യയും ഒരു മനുഷ്യനാണ്.’അഗത പറഞ്ഞു.
സൂസന്നയാണ് ഫൈനലില്‍ വന്ന മറ്റൊരു മത്സരാര്‍ഥി. വിവാഹമോചിതയായ സൂസന്നയ്ക്ക് ഒരു മകനുണ്ട്. സൂസന്ന വിജയിയാകും എന്നായിരുന്നു ആരാധകര്‍ ചിന്തിച്ചിരുന്നത്. ആര്യ ഒരുപാട് വിഷമത്തിലാണെന്ന് അറിയാമെന്നും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും സൂസന്ന പറയുന്നു. ഒരാളെയും നിര്‍ബന്ധിപ്പിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഭാവിയില്‍ അദ്ദേഹത്തിന്റെ തീരുമാനം എന്തെന്ന് നോക്കാമെന്നും സൂസന്ന പറഞ്ഞു.